National
അസമിന് പിന്നാലെ യുപിയിലും മദ്റസകൾ ലക്ഷ്യമിട്ട് സംഘപരിവാർ; അംഗീകാരമില്ലാത്ത മദ്റസകളുടെ സർവേ നടത്താൻ ഉത്തരവ്
അംഗീകാരമില്ലാത്ത മദ്രസകൾ പൊളിച്ചുനീക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.
ലക്നോ | അസമിന് പിന്നാലെ ഉത്തർപ്രദേശിലും മദ്റസകളെ ലക്ഷ്യമിട്ട് സംഘപരിവാർ ഭരണകൂടം നീക്കം തുടങ്ങി. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത മദ്റസകളുടെ സർവേ നടത്താൻ യു പി സർക്കാർ നിർദേശം നൽകി. അംഗീകാരമില്ലാത്ത മദ്രസകൾ പൊളിച്ചുനീക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.
അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന മദ്റസകളുടെ സമഗ്ര വിവരങ്ങൾ ശേഖരിക്കാനാണ് ഉത്തരവ് നൽകിയിരിക്കുന്നത്. മദ്റസയുടെ പേര്, മദ്റസ നടത്തുന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ, അധ്യാപകരുടെ എണ്ണം, പഠിപ്പിക്കുന്ന സിലബസ്, കുടിവെള്ളം, ടോയിലറ്റ്, ഫർണിച്ചർ, വെെദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ, മദ്റസ സ്വകാര്യ കെട്ടിടത്തിലാണോ വാടകക്കെട്ടിടത്തിലാണോ പ്രവർത്തിക്കുന്നത്, തുടങ്ങി എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കാൻ നിർദേശമുണ്ട്. മദ്റസയുടെ ഫണ്ടിൻെറ ഉറവിടം, ഏതെങ്കിലും സർക്കാർ ഇതര സംഘടനകളുടമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ വിധേയമാക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ മന്ത്രി ഡാനിഷ് ആസാദ് അൻസാരി പറഞ്ഞു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദേശമനുസരിച്ചാണ് സർവേയെന്നും ഉടൻ സർവേ നടപടികൾ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സർവേയ്ക്ക് ശേഷം പുതിയ മദ്രസകൾക്ക് അംഗീകാരം നൽകാനുള്ള നടപടികൾ സർക്കാർ ആരംഭിക്കുമോ എന്ന ചോദ്യത്തിന്, നിലവിൽ അംഗീകാരമില്ലാത്ത മദ്രസകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു മന്ത്രിയുടെ മറുപടി.
നിലവിൽ ഉത്തർപ്രദേശിൽ 16,461 മദ്രസകളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അതിൽ 560 എണ്ണത്തിന് സർക്കാർ ഗ്രാന്റ് നൽകുന്നുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് വർഷമായി പുതിയ മദ്രസകളെ ഗ്രാന്റ് ലിസ്റ്റില് ഉൾപ്പെടുത്തിയിട്ടില്ല.
മദ്റസകളെ ലക്ഷ്യമിട്ടുള്ള സർവേക്കെതിരെ AIMIM നേതാവ് അസദുദ്ദീൻ ഉവൈസി രംഗത്തെത്തി. ഒരു സമുദായത്തെ മാത്രം ലക്ഷ്യംവെച്ചാണ് സർക്കാർ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 30 പ്രകാരം സ്വകാര്യ മദ്രസകൾ നടത്താൻ മുസ്‌ലിംകൾക്ക് അവകാശമുണ്ട്. അവിടെ സർവേ നടത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഇത് ഒരു സമുദായത്തെ അപമാനിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.