National
ഫെബ്രുവരിയില്‍ പ്രഫഷണല്‍ ടെന്നീസില്‍ നിന്നും വിരമിക്കും: സാനിയ മിര്‍സ
ഫെബ്രുവരിയില്‍ ദുബായില്‍ നടക്കുന്ന ഡബ്ല്യുടിഎ ടൂര്‍ണമെന്റോടെ പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കും
മുംബൈ| ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ പ്രഫഷണല്‍ ടെന്നീസില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫെബ്രുവരിയില്‍ ദുബായില്‍ നടക്കുന്ന ഡബ്ല്യുടിഎ ടൂര്‍ണമെന്റോടെ പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് സാനിയ പറഞ്ഞു. അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലും സാനിയ മത്സരിക്കും. കസാഖിസ്ഥാന്റെ അന്നാ ഡിനിലിനക്കൊപ്പമാവും വനിതാ ഡബിള്‍സില്‍ മത്സരിക്കുകയെന്നും സാനിയ പറഞ്ഞു. കരിയറിലെ അവസാന ഗ്രാന്‍സ്ലാമായിരിക്കും ഓസ്‌ട്രേലിയന്‍ ഓപ്പണെന്നും സാനിയ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കൈമുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് യുഎസ് ഓപ്പണില്‍ പങ്കെടുക്കാനായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സിന്റെ ആദ്യറൗണ്ടില്‍ തോറ്റു പുറത്തായതിന് പിന്നാലെയും സാനിയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2022 സീസണോടെ കളിക്കളത്തില്‍ നിന്ന് വിരമിക്കുമെന്ന് സാനിയ അന്ന് പറഞ്ഞത്. ഈ തീരുമാനം പിന്‍വലിച്ചാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാന്‍ സാനിയ തീരുമാനിച്ചത്.