Ongoing News
ജയിച്ചു തുടങ്ങി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്
11 റണ്‍സെടുക്കുന്നതിനിടെ ലഖ്‌നോയുടെ മൂന്ന് വിക്കറ്റ് നഷ്ടമായി
ജയ്പൂര്‍ | ഐ പി എല്ലില്‍ ജയിച്ച് തുടങ്ങി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്. ലഖ്നൗ സൂപ്പര്‍ജയന്റ്സിനെ 20 റണ്‍സിനു വീഴ്ത്തിയാണ് രാജസ്ഥാന്‍ വിജയിച്ചു തുടങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിങില്‍ ലഖ്നൗ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സില്‍ ഒതുങ്ങി.
11 റണ്‍സെടുക്കുന്നതിനിടെ ലഖ്‌നോയുടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ക്വിന്റണ്‍ ഡി കോക്ക് (4), ദേവ്ദത്ത് പടിക്കല്‍ (0), ആയുഷ് ബദോനി (1) എന്നിവരാണ് തുടക്കത്തില്‍ തന്നെ മടങ്ങിയത്. പിന്നീട് ലഖ്‌നോക്കായി ക്യാപ്റ്റന്‍ രാഹുലും നിക്കോളാസ് പൂരാനും അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ജയിച്ചു കയറാനായില്ല. രാഹുല്‍ 44 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 58 റണ്‍സും കണ്ടെത്തി. സന്ദീപ് ശര്‍മയുടെ പന്തില്‍ ധ്രുവ് ജുറേല്‍ രാഹുലിനെ പുറത്താക്കി. പൂരാന്‍ 41 പന്തില്‍ നാല് വീതം സിക്സും ഫോറും സഹിതം 64 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ടോസ് നേടി രാജസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി നേടി. സഞ്ജു 52 പന്തില്‍ ആറ് സിക്‌സും മൂന്ന് ഫോറും സഹിതം 82 റണ്‍സില്‍ പുറത്താകാതെ നിന്നു. സഞ്ജുവിന് പുറമെ രാജസ്ഥാന് വേണ്ടി റിയാന്‍ പരാഗ് (29 പന്തില്‍ 43) മികച്ച പ്രകടനം പുറത്തെടുത്തു.ജോസ് ബട്‌ലര്‍ 11 റണ്‍സെടുത്ത് പുറത്തായി. യശസ്വി ജയ്‌സ്വാളിനെ (24) ലഖ്‌നോയുടെ മുഹ്‌സിന്‍ പുറത്താക്കി. അവസാനം സഞ്ജുവിന് കൂട്ടായെത്തിയ ധ്രുവ് ജുറേല്‍ 20 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.