Connect with us

Editors Pick

സഞ്ജുവിന്റെ സിക്‌സറുകള്‍ പറക്കും; മലയാളികളുടെ ഹൃദയം കവര്‍ന്ന്

ഇതേ ഫോമില്‍ സഞ്ജു തുടരുകയാണെങ്കില്‍ ഓരോ മലയാളിക്കും ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാനപൂര്‍വം കണ്ടിരിക്കാനാവും.

Published

|

Last Updated

ത്തവണ ടി20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ ബാറ്റ് വീശുമ്പോള്‍ മലയാളിയുടെ അഭിമാനം വാനോളമുയരുമെന്നുറപ്പ്. ഇന്ത്യയിലെ ഈ ഗ്ലാമര്‍ ഗെയിമില്‍ ഒരു മലയാളിയുടെ സാന്നിധ്യം കൊതിച്ചിരുന്ന പല തലമുറകളുടെ വികാരപ്രകടനമാണത് എന്ന് പറയാം.

അയല്‍ സംസ്ഥാനമായ കര്‍ണാടകക്കാരന്‍ അനില്‍ കുംബ്ലെയില്‍ അഭിമാനിച്ചിരുന്ന കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷകള്‍ക്ക് പുതിയ അര്‍ഥം നല്‍കിക്കൊണ്ട് ടിനു യോഹന്നാന്‍ എന്ന ഇരുപത്തിരണ്ടുകാരനായ പൂര്‍ണ മലയാളി ക്രിക്കറ്റിലെത്തുന്നത് 2001ലാണ്. വലംകൈയന്‍ മീഡിയം ഫാസ്റ്റ് ബൗളറായിരുന്ന ടിനുവിന്റെ അരങ്ങേറ്റം ഇംഗ്ലണ്ടിനെതിരെ മൊഹാലിയിലായിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ ഇംഗ്ലണ്ടിന്റെ രണ്ട് ഓപ്പണര്‍ ബാറ്റ്‌സ്മാന്മാരുടെയും വിക്കറ്റുകള്‍ ടിനു വീഴ്ത്തി. എന്നാല്‍, ഈ ടെസ്റ്റ് മത്സരം അടക്കം മൂന്ന് ടെസ്റ്റിലും, മൂന്ന് ഏകദിനത്തിലും മാത്രമേ ടിനുവിന് കളിക്കാന്‍ യോഗമുണ്ടായിരുന്നുള്ളൂ.

ഉത്തരേന്ത്യന്‍ സെലക്ടര്‍മാര്‍ വാഴുന്ന ക്രിക്കറ്റിന്റെ അണിയറകളില്‍ ‘സാലേ മദ്രാസി’യുടെ മോഹം പിന്നേയും അവസരം കാത്തു കിടന്നു. 2006 ലെ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റിലാണ് കോതമംഗലത്തുകാരാനായ എസ് ശ്രീശാന്ത് ദേശീയ ടീമിലെത്തുന്നത്. വലംകൈയന്‍ ഫാസ്റ്റ് ബൗളറും വാലറ്റത്തെ വലംകൈയന്‍ ബാറ്റ്‌സ്മാനുമായിരുന്നു അദ്ദേഹം.

ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലീഷ് ടീമിനെ നടുക്കി തന്റെ ബൗളിങ് സ്പീഡ് പുറത്തെടുത്ത ശ്രീശാന്തിനെ മലയാള പത്രങ്ങള്‍ വാനോളം ഉയര്‍ത്തി. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരായ അങ്കത്തിലൂടെ ശ്രീശാന്ത് ഏകദിന ദേശീയ ടീമിലും അംഗമായി.

പേരില്‍ ശാന്തയുണ്ടായിരുന്നെങ്കിലും ഫാസ്റ്റ് ബൗളറായ ശ്രീ ഓരോ വിക്കറ്റ് വീഴ്ത്തുമ്പോഴും ചടുലമായ പ്രതികരണങ്ങളിലൂടെ ശ്രദ്ധനേടാന്‍ ശ്രമിച്ചു. ഇടുപ്പില്‍ കൈചേര്‍ത്ത് നൃത്തം ചെയ്യുക മാത്രമല്ല പലപ്പോഴും വീണുപോയ എതിരാളികളെ പ്രകോപിപ്പിക്കുക കൂടി ചെയ്തു. എങ്കിലും ആദ്യകാലത്ത് മലയാളികള്‍ അതൊക്കെ ആസ്വദിച്ചിരുന്നു.

2007ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശ്രീശാന്ത് ഇടം നേടിയത് മലയാള മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയായിരുന്നുവെങ്കിലും ശ്രീക്ക് ഗ്രൗണ്ടിലിറങ്ങി കളിക്കാന്‍ അവസരം ലഭിച്ചതേയില്ല. 2011ലെ ലോകകപ്പില്‍ആദ്യം ടീമില്‍ അവസരം ലഭിച്ചില്ലെങ്കിലും പേസ് ബൗളറായ പ്രവീണ്‍ കുമാറിന്റെ പരുക്കിനെ തുടര്‍ന്ന് ശ്രീശാന്തിനെയും ടീമിലെടുത്തു. ഫൈനല്‍ ഉള്‍പ്പെടെ പല മത്സരങ്ങളിലും ശ്രീശാന്ത് കളിക്കുകയും ചെയ്തു.

ഇതിനിടെ, ഇംഗ്ലണ്ടിലെ കൗണ്ടി ടീം മാച്ചുകളില്‍ അരങ്ങേറിയിരുന്ന ടി20 ഫോര്‍മാറ്റ് ഐ സി സി അംഗീകരിക്കുകയും അതിനെത്തുടര്‍ന്ന് ബി സി സി ഐയുടെ മേല്‍നോട്ടത്തില്‍ വാണിജ്യ ക്രിക്കറ്റ് ലീഗായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ടെസ്റ്റ് ക്രിക്കറ്റുകളില്‍ നിന്ന് ഏകദിനത്തിലേക്കും അവിടെ നിന്ന് ടി20യിലേക്കും ക്രിക്കറ്റ് പ്രേമികള്‍ തങ്ങളുടെ അഭിരുചികളെ പരിവര്‍ത്തനപ്പെടുത്തിയിരുന്നു.

2007 സെപ്തംബറില്‍ദക്ഷിണാഫ്രിക്കയില്‍നടന്ന ആദ്യടി20ലോകകപ്പിനുള്ള ടീമിലേക്ക് ശ്രീ തിരഞ്ഞെടുക്കപ്പെട്ടു. സെമി ഫൈനലില്‍ ആസ്‌ത്രേലിയയെ തോല്‍പ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ശ്രീശാന്ത് ഫൈനലില്‍ ബൗളിങില്‍ നിറം മങ്ങിയെങ്കിലും ഇന്ത്യയുടെ വിജയം ഉറപ്പിച്ച പന്ത് അദ്ദേഹത്തിന്റേതായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

കേരളത്തിന്റെ ആദ്യ ഐ പി എല്‍ ടീമായ കൊച്ചിന്‍ ടസ്‌കേഴ്‌സിലും ശ്രീശാന്തുണ്ടായിരുന്നു. 2013 മെയ് 16 ന് ഒത്തുകളി വിവാദം മൂലം അറസ്റ്റ് ചെയ്യപ്പെടുകയും ബി സി സി ഐതാരത്തെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തപ്പോള്‍ വേദനിച്ചവരും കുറ്റപ്പെടുത്തിയവരും നിരാശരായവരുമായി ഏറെപ്പേരുണ്ടായിരുന്നു മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍.

ആ നിരാശക്കിടയിലാണ് സഞ്ജു സാംസണ്‍ എന്ന സൗമ്യനായ തിരുവനന്തപുരം സ്വദേശി യുവാവ് കടന്നു വരുന്നത്. രഞ്ജിയില്‍ കേരള ടീമിന്റെ വിജയ ശില്‍പിയായിരുന്നു സഞ്ജു. പതുക്കെയായിരുന്നു സഞ്ജുവിന്റെ കരിയര്‍ മുന്നേറ്റങ്ങള്‍. കേരളത്തിന്റെ മാത്രമല്ല അണ്ടര്‍ 19 ടീമിന്റെയും ക്യാപ്റ്റനായിരുന്നിട്ടുള്ള സഞ്ജു പലപ്പോഴും ദേശീയ ടീമിലുണ്ടായിരുന്നെങ്കിലും മൈതാനത്തിറങ്ങാന്‍ അവസരം കിട്ടിയില്ല. 2015 ജൂലൈ 19 ന് ഹരാരെയില്‍ സിംബാബ്വെയ്ക്കെതിരെ സഞ്ജു സാംസണ്‍ തന്റെ അന്താരാഷ്ട്ര ടി20 അരങ്ങേറ്റം നടത്തി. എന്നാല്‍ തന്റെ കന്നി ഏകദിന മത്സരത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് വീണ്ടും ആറ് വര്‍ഷം കാത്തിരിക്കേണ്ടിവന്നു.

2021 ജൂലൈ 23 ന് കൊളംബോയില്‍ ശ്രീലങ്കയ്ക്കെതിരെയാണ് അദ്ദേഹം ഏകദിന അരങ്ങേറ്റം നടത്തിയത്. ഐ പി എല്‍ തന്നെയാണ് സഞ്ജു സാംസണിന്റെ കംഫര്‍ട്ട് സോണ്‍ എന്നു കാണാം. കുമാര്‍ സംഗക്കാര ബാറ്റിങ് കോച്ചായ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍ പദവിയും മാത്രമല്ല അയാളെ ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്, 2024 ലെ ബാറ്റിങ് സ്ഥിരതയും കൂടിയാണ്.

14 കോടി മൂല്യമുള്ള താരമാണ് സഞ്ജു. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നായി 386 റണ്‍സുമായി (സ്‌ട്രൈക്ക് റേറ്റ്-161.08) നിലവിലെ ഐ പി എലില്‍ നാലാം സ്ഥാനത്തുണ്ട് സഞ്ജു. 55 റണ്‍സാണ് സഞ്ജുവിന്റെ ആവറേജ് മാച്ച് സ്‌കോര്‍. അതത്ര ചെറിയ റണ്‍റേറ്റല്ല താനും. അതു തന്നെയാണ് ടി20 ലോക കപ്പ് ടീമിലേക്കുള്ള എന്‍ട്രി പാസ് ആയി മാറിയതും. ഇതേ ഫോമില്‍ സഞ്ജു തുടരുകയാണെങ്കില്‍ ഓരോ മലയാളിക്കും ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാനപൂര്‍വം കണ്ടിരിക്കാനാവും.

 

Latest