Connect with us

Kerala

ശങ്കരനാരായണന്‍; നെഹ്‌റൂവിയന്‍ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച നേതാവ്

Published

|

Last Updated

പാലക്കാട് | നന്മ നിറഞ്ഞ ഭാഷ, നെഹ്‌റൂവിയന്‍ കാഴ്ചപ്പാട്, തികഞ്ഞ മതേതരവാദി… ശങ്കരനാരായണനെ വ്യത്യസ്തമാക്കുന്നത് ഇവയൊക്കെയാണ്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആവേശമായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് സമയത്ത് സീറ്റിന് വേണ്ടി നേതാക്കള്‍ കടിപിടി കൂടുമ്പോള്‍ പാര്‍ട്ടിയുടെ വിജയസാധ്യത കണ്ട് സീറ്റ് അദ്ദേഹത്തെ സ്വയം തേടിയെത്തുകയായിരുന്നു. മന്‍മോഹന്‍ സിംഗിന്റെ യു പി എ ഭരണക്കാലത്താണ് മഹാരാഷ്ട ഗവര്‍ണറായി നിയമിച്ചത്. തുടര്‍ന്ന് ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവി വരെ അലങ്കരിച്ചു. ഗവര്‍ണര്‍ പദവിയില്‍ നിന്ന് ഒഴിഞ്ഞശേഷം സജീവ രാഷ്ടീയത്തില്‍ വരാന്‍ ആഗ്രഹിച്ചുവെങ്കിലും അസുഖത്തെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.

ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവി ലഭിച്ചുവെങ്കിലും സത്യത്തില്‍ ശങ്കരനാരായണന്‍ മുഖ്യമന്ത്രി യാകാന്‍ പോലും അര്‍ഹനായിരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ തഴഞ്ഞതാണ് സ്ഥാനം ലഭിക്കാതിരിക്കാന്‍ കാരണമെന്ന് ശങ്കരനാരായണന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ യുവ തലമുറക്ക് പ്രധാന്യം നല്‍കണമെങ്കിലും പരിപൂര്‍ണമായി പഴയ നേതാക്കളെ ഒഴിവാക്കുന്നതിനോട് യോജിപ്പില്ലെന്ന നയമാണ് കെ ശങ്കരനാരായണനുണ്ടായിരുന്നത്. പാര്‍ട്ടിക്കുള്ളിലെ വിയോജിപ്പുകള്‍ക്കെതിരെ മാത്രമല്ല, കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാറിന്റെ നിലപാടിനെതിരെയും അദ്ദേഹം ശക്തമായി രംഗത്തുവന്നു. 2014ല്‍ ബി ജെ പി അധികാരത്തിലെത്തിയപ്പോള്‍ അന്ന് കോണ്‍ഗ്രസ് നിയമിച്ച ഗവര്‍ണര്‍മാര്‍ രാജിവെക്കണമെന്ന ആവശ്യം ഉയര്‍ന്നു. എന്നാല്‍, ഗവര്‍ണര്‍ എന്നത് പരമാധികാരമുള്ള സ്ഥാനമാണെന്നും രാഷ്ടീയ വിവേചനത്തിന്റെ പേരില്‍ രാജിവെക്കില്ലെന്നുമുള്ള കെ ശങ്കരനാരയാണന്റെ നിലപാട് ഏറെ കോലാഹലങ്ങള്‍ക്ക് വഴിവച്ചിരുന്നു.

സംസ്ഥാനത്തെ യു ഡി എഫിന്റെ ദയനീയാവസ്ഥയെക്കുറിച്ചും കെ ശങ്കരനാരായണന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ കേരളത്തില്‍ തിരിച്ചുവരവിന് യു ഡി എഫിന് കഴിയുമെന്ന് പിന്നീടുള്ള മുന്നണി യോഗങ്ങളില്‍ അദ്ദേഹം പലതവണ അഭിപ്രായപ്പെട്ടു. ഇപ്പോഴുള്ള സ്ഥിതിയില്‍ നിന്ന് യു ഡി എഫും കോണ്‍ഗ്രസും മാറണമെന്ന് പറഞ്ഞ ശങ്കരനാരായണന്‍ എല്ലാവരെയും വിശ്വാസത്തിലെടുത്തുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. നന്മ നിറഞ്ഞ ഭാഷയില്‍ ആരെയും കൈയിലെടുക്കാവുന്ന തരത്തിലുള്ള വര്‍ത്തമാനമാണ് കെ ശങ്കരനാരായണനെ വ്യത്യസ്തനാക്കിയത്. കോണ്‍ഗ്രസിന് മാത്രമല്ല പ്രതിപക്ഷ കക്ഷികള്‍ക്കും കെ ശങ്കരനാരായണന്റെ നര്‍മഭാഷണത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുള്ള ‘അനുപമം ജീവിതം’ ആത്മകഥ രചിച്ചത്.

 

Latest