Connect with us

droupadi murmu

റെയ്‌സിനാ കുന്നിൽ സാന്താൾ ശബ്ദം

ക്ലാസ്സ് ത്രീ സർക്കാർ ജീവനക്കാരി, സ്‌കൂൾ അധ്യാപിക, രാഷ്ട്രീയ പ്രവർത്തക, സംസ്ഥാന മന്ത്രി, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗോത്രവർഗ ഗവർണർ എന്നീ പദവികൾക്കു ശേഷമാണ് രാജ്യത്തിന്റെ പ്രഥമ പൗരയായി രാജ്പഥിലൂടെ രാഷ്ട്രപതി ഭവനിലേക്ക് പോകുന്നത്.

Published

|

Last Updated

റെയ്‌സിനാ കുന്നിലെ രാഷ്ട്രപതി മന്ദിരത്തിൽ ദേശീയ ഐക്യത്തിന്റെയും പരമാധികാരത്തിന്റെയും പ്രതീകമായി ദ്രൗപദി മുർമു ഇരിക്കുമ്പോൾ രാജ്യത്തിനിത് ചരിത്ര നിമിഷം. ഒഡീഷയിലെ മയൂർഭ് ജില്ലയിലെ ബൈദ്‌പോസി ഗ്രാമത്തിലെ സാന്താൾ കുടുംബത്തിൽ 1958 ജൂൺ 20നാണ് ദ്രൗപദിയുടെ ജനനം. ഒഡീഷയിലെ ഗോത്ര വർഗങ്ങളിലൊന്നാണ് സാന്താൾ വിഭാഗം. ഗ്രോതവർഗ വിഭാഗങ്ങൾക്ക് അന്യമെന്ന് കൽപ്പിച്ചിരുന്ന പലതും ഒരർഥത്തിൽ പോരാടി തന്നെയാണ് ദ്രൗപദി മുർമു നേടിയത്. ക്ലാസ്സ് ത്രീ സർക്കാർ ജീവനക്കാരി, സ്‌കൂൾ അധ്യാപിക, രാഷ്ട്രീയ പ്രവർത്തക, സംസ്ഥാന മന്ത്രി, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗോത്രവർഗ ഗവർണർ എന്നീ പദവികൾക്കു ശേഷമാണ് രാജ്യത്തിന്റെ പ്രഥമ പൗരയായി രാജ്പഥിലൂടെ രാഷ്ട്രപതി ഭവനിലേക്ക് പോകുന്നത്. മയൂർഭിലെ സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ ഭുവനേശ്വറിലെ രമാദേവി വുമൺസ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ആർട്‌സിൽ ബിരുദമെടുത്തു.

കുടുംബം
മുത്തച്ഛനും അച്ഛൻ ബിരാഞ്ചി നാരായൺ ടുഡുവും സാന്താൾ ഗോത്രത്തലവന്മാരായിരുന്നു. ഭർത്താവ് ശ്യാം ചരൺ മുർമു. രണ്ട് ആണും ഒരു പെണ്ണുമായി മൂന്ന് മക്കൾ. ഭർത്താവിന്റെയും രണ്ട് ആൺ മക്കളുടെയും ആകസ്മിക മരണം മുർമുവിനെ ഏറെ തളർത്തിയെങ്കിലും പിന്നീട് പൊതുരംഗത്ത് അവർ സജീവമായി.

ഔദ്യോഗിക ജീവിതം
1979 മുതൽ 83 വരെ ജലസേചന, വൈദ്യുതി വകുപ്പുകളിൽ ജൂനിയർ അസ്സിസ്റ്റന്റായി.
1994 മുതൽ 97 വരെ ശ്രീ അരബിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ സെന്ററിൽ ഓണററി അസ്സിസ്റ്റന്റ് ടീച്ചറായി സേവനമനുഷ്ഠിച്ചു.

രാഷ്ട്രീയം
1997ൽ ബി ജെ പിയിലൂടെ രാഷ്ട്രീയത്തിലേക്ക്. അതേ വർഷം തന്നെ ഒഡീഷയിലെ റായ്‌രംഗ്പൂർ നഗർ പഞ്ചായത്ത് കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുകയും പഞ്ചായത്ത് വൈസ് ചെയർപേഴ്‌സൻ സ്ഥാത്തെത്തുകയും ചെയ്തു. 97ൽ തന്നെ എസ് ടി മോർച്ചയുടെ സംസ്ഥാന ഉപാധ്യക്ഷയായി. 2013 മുതൽ 15 വരെ ബി ജെ പിയുടെ എസ് ടി മോർച്ച ദേശീയ സമിതി അംഗമായിരുന്നു. റായ്‌രംഗപൂരിൽ നിന്ന് ബി ജെ പി ടിക്കറ്റിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നവീൻ പട്‌നായിക് മുഖ്യമന്ത്രിയായിരിക്കെ 2000 മാർച്ച് ആറ് മുതൽ ആഗസ്റ്റ് ആറ് വരെ ഒഡീഷയുടെ വാണിജ്യ, ഗതാഗത മന്ത്രിയായി. പിന്നീട് 2002 മുതൽ 2006 വരെ മത്സ്യ-മൃഗ വിഭവ മന്ത്രിയായി.

ഭരണഘടനാ പദവി
2015ൽ ഝാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണറായി. ഈ സ്ഥാനത്തെത്തുന്ന ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിതയുമായി. 2000ൽ സംസ്ഥാനം രൂപവത്കരിക്കപ്പെട്ട ശേഷം അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയ ഝാർഖണ്ഡിലെ ആദ്യ ഗവർണറായും മാറി.

Latest