Connect with us

From the print

സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു

22 അംഗ ടീമിനെ തിരുവനന്തപുരത്തിന്റെ മധ്യനിര താരം നിജോ ഗില്‍ബെര്‍ട്ട് നയിക്കും.

Published

|

Last Updated

കൊച്ചി | 77ാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെ തിരുവനന്തപുരത്തിന്റെ മധ്യനിര താരം നിജോ ഗില്‍ബെര്‍ട്ട് നയിക്കും. തുടര്‍ച്ചയായി മൂന്നാം തവണ ടീമിലെത്തുന്ന നിജോ, 2022ല്‍ സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലും അംഗമായിരുന്നു.

എറണാകുളത്ത് നിന്നുള്ള പ്രതിരോധ താരം സഞ്ജു ജി ആണ് ഉപനായകന്‍. മുഖ്യപരിശീലകന്‍ സതീവന്‍ ബാലന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 15 മുതല്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തുടങ്ങിയ ക്യാമ്പില്‍ നിന്നാണ് അന്തിമ ടീമിനെ പ്രഖ്യാപിച്ചത്. 40 പേരായിരുന്നു ആദ്യഘട്ട ക്യാമ്പിലുണ്ടായിരുന്നത്. തുടര്‍ന്ന് 15 പേരെ ഒഴിവാക്കി. രണ്ടാം ഘട്ടത്തില്‍ ക്ലബുകളില്‍ നിന്ന് പതിനഞ്ചോളം താരങ്ങളെ ഉള്‍പ്പെടുത്തുകയും പിന്നീട് ആറ് പേരെ ഒഴിവാക്കുകയും ചെയ്തു.

34 പേരാണ് അവസാനഘട്ട ക്യാമ്പിലുണ്ടായിരുന്നത്. ഇവരില്‍ നിന്നാണ് മികവിന്റെ അടിസ്ഥാനത്തില്‍ 22 അംഗ ടീമിനെ തിരഞ്ഞെടുത്തത്. പി കെ അസീസ് (അസി.കോച്ച്), ഹര്‍ഷല്‍ റഹ്മാന്‍ (ഗോള്‍കീപ്പര്‍ കോച്ച്), ഡോ. സുധീര്‍കുമാര്‍ (മാനേജര്‍), ഡെന്നി ഡേവിസ് (ഫിസിയോതെറാപിസ്റ്റ്) എന്നിവരാണ് ടീമിലെ മറ്റു ഒഫീഷ്യലുകള്‍.

ടീം
ഗോള്‍കീപ്പര്‍മാര്‍: മുഹമ്മദ് അസ്ഹര്‍ കെ, മുഹമ്മദ് നിഷാദ് പി (മലപ്പുറം), സിദ്ധാര്‍ഥ് രാജീവന്‍ നായര്‍ (കോഴിക്കോട്).

പ്രതിരോധനിര: ബെല്‍ജിന്‍ ബോല്‍സ്റ്റര്‍, ഷിനു ആര്‍ (തിരുവനന്തപുരം), സഞ്ജു ജി, നിഥിന്‍ മധു (എറണാകുളം), മുഹമ്മദ് സലീം (കോട്ടയം), സുജിത് ആര്‍, ശരത് കെ പി (തൃശൂര്‍)
മധ്യനിര: നിജോ ഗില്‍ബെര്‍ട്ട് (തിരുവനന്തപുരം), അര്‍ജുന്‍ വി (കോഴിക്കോട്), ജിതിന്‍ ജി (പാലക്കാട്), അക്ബര്‍ സിദ്ദീഖ് എന്‍ പി (മലപ്പുറം), റാഷിദ് എം (കാസര്‍കോട്), റിസ്വാന്‍ അലി ഇ കെ (കണ്ണൂര്‍), ബിജേഷ് ബാലന്‍ (തൃശൂര്‍), അബ്ദു റഹീം (ഇടുക്കി).

മുന്നേറ്റനിര: സജീഷ് ഇ, മുഹമ്മദ് ആശിഖ് എസ് (പാലക്കാട്), നരേഷ് ബി, ജുനൈന്‍ കെ (മലപ്പുറം).

12 പരിചയസമ്പന്നര്‍, പത്ത് പുതുമുഖങ്ങള്‍
പരിചയസമ്പന്നരുടെയും പുതുമുഖങ്ങളുടെയും മിശ്രണമാണ് കേരള ടീം. റാഷിദ് എം, ബെല്‍ജിന്‍ ബോല്‍സ്റ്റര്‍, നരേഷ് ബി, റിസ്്വാന്‍ അലി ഇ കെ, അര്‍ജുന്‍ വി, അബ്ദുര്‍റഹീം, ഷിനു ആര്‍, മുഹമ്മദ് സലീം എന്നിവര്‍ കഴിഞ്ഞ സന്തോഷ് ട്രോഫി ടീമില്‍ അംഗങ്ങളായിരുന്നു. മുഹമ്മദ് അസ്ഹര്‍, ജിതിന്‍ ജി, നിജോ ഗില്‍ബെര്‍ട്ട്, സഞ്ജു ജി എന്നിവര്‍ മുന്‍ വര്‍ഷങ്ങളിലും സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി കളിച്ചു. സിദ്ധാര്‍ഥ് നായര്‍, മുഹമ്മദ് നിഷാദ്, നിഥിന്‍ മധു, സുജിത് വി ആര്‍, ശരത് കെ പി, ബിജേഷ് ബാലന്‍, അക്ബര്‍ സിദ്ദീഖ്, സജീഷ് ഇ, മുഹമ്മദ് ആശിഖ്, ജുനൈന്‍ കെ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.

ആദ്യം ഗുജറാത്തിനെതിരെ
ഗോവയില്‍ നടക്കുന്ന സന്തോഷ് ട്രോഫിയുടെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കായി ഈ മാസം എട്ടിന് ഉച്ചക്ക് 2.40ന് മംഗള എക്‌സ്പ്രസ്സില്‍ കോഴിക്കോട് നിന്ന് ടീം യാത്ര തിരിക്കും. ഗ്രൂപ്പ് എയിലാണ് കേരളം.

11ന് ഗുജറാത്തുമായാണ് ആദ്യ മത്സരം. 13ന് ജമ്മു കശ്മീര്‍, 15ന് ഛത്തീസ്ഗഢ്, 17ന് ഗോവ ടീമുകള്‍ക്കെതിരെയാണ് മറ്റു മത്സരങ്ങള്‍.

ആദ്യ മൂന്ന് മത്സരങ്ങളും രാവിലെ ഒമ്പതിനാണ് കിക്കോഫ്. ഗോവക്കെതിരായ മത്സരം വൈകിട്ട് നാലിനാണ്. ഫത്തോര്‍ഡ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമാണ് വേദി.

 

---- facebook comment plugin here -----

Latest