Kerala
സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍; ഇന്ത്യ-വിന്‍ഡീസ് ടി ട്വന്റിയിലെ ഒരു മത്സരം തിരുവനന്തപുരത്ത്
തിരുവനന്തപുരം | സന്തോഷ് ട്രോഫി ഫൈനല്‍ ഇത്തവണ മഞ്ചേരിയില്‍. മഞ്ചേരി, പയ്യനാട് സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുകയെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന് അറിയിച്ചു. കേരള യുനൈറ്റഡ് എഫ് സിയുടെ ഹോം ഗ്രൗണ്ടാണിത്. ടൂര്‍ണമെന്റിന്റെ മത്സരക്രമത്തില്‍ വൈകാതെ തീരുമാനമെടുക്കും.
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി ട്വന്റി പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരത്ത് നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് മത്സരത്തിനായി ഒരുക്കുക. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് വീതം ടി ട്വന്റി, ഏകദിന മത്സരങ്ങളാണുള്ളത്. ഇതില്‍ 2022 ഫെബ്രുവരി 20ന് നടക്കുന്ന അവസാന ടി ട്വന്റി മത്സരത്തിനാവും കാര്യവട്ടം സ്റ്റേഡിയം വേദിയാവുക. ആദ്യ ടി ട്വന്റി ഫെബ്രുവരി 15ന് കട്ടക്കിലും രണ്ടാം ടി ട്വന്റി 18ന് വിശാഖപട്ടണത്തും നടക്കും. ഇതിന് മുമ്പാണ് മൂന്ന് ഏകദിനങ്ങളുടെ പരമ്പര നടക്കുക. അഹമ്മദാബാദ് (ഫെബ്രു: 6), ജയ്പൂര്‍ (ഫെബ്രു: 9), കൊല്‍ക്കത്ത (ഫെബ്രു: 12) എന്നിവിടങ്ങളിലാണ് ഏകദിന മത്സരങ്ങള്‍ അരങ്ങേറുക.