SANTHOSH TROPHY
സന്തോഷ് ട്രോഫി: കര്‍ണാടകയെ സമനിലയില്‍ തളച്ച് ഒഡീഷ
ഇരു ടീമുകളും മൂന്ന് വീതം ഗോളുകള്‍ നേടി.
മലപ്പുറം | 75ാം സന്തോഷ് ട്രോഫി ദേശീയ ചാമ്പ്യന്‍ഷിപ്പിലെ അവസാന റൗണ്ട് മത്സരത്തില്‍ ഒഡീഷ- കര്‍ണാടക മത്സരം സമനിലയില്‍. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരമായിരുന്നു ഇത്. കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് രണ്ടാം പകുതിയിലെ അവസാന മിനുട്ടുകളില്‍ ഒഡീഷ സമനില പിടിച്ചത്. ഇരു ടീമുകളും മൂന്ന് വീതം ഗോളുകള്‍ നേടി. കര്‍ണാടകയുടെ സുധീര്‍ കൊട്ടിക്കെല ഇരട്ട ഗോൾ നേടി.
15ാം മിനുട്ടില്‍ ഒഡീഷയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. ജമിര്‍ ഓറം ആയിരുന്നു സ്‌കോറര്‍. അധികം വൈകാതെ 29ാം മിനുട്ടില്‍ കര്‍ണാടകയുടെ സുധീര്‍ കൊട്ടിക്കെല സമനില ഗോള്‍ നേടി. 34ാം മിനുട്ടില്‍ ബാവു നിശാദ് ടി പിയിലൂടെ കര്‍ണാടക ലീഡ് ഗോള്‍ നേടി. 62ാം മിനുട്ടില്‍ സുധീര്‍ കൊട്ടിക്കെല കര്‍ണാടകക്ക് വേണ്ടി മൂന്നാം ഗോൾ നേടി.
എന്നാല്‍, 65ാം മിനുട്ടില്‍ ബികാഷ് കുമാര്‍ സാഹൂ ഒഡീഷയുടെ രണ്ടാം ഗോള്‍ നേടുകയായിരുന്നു. 76ാം മിനുട്ടില്‍ ചന്ദ്ര മുഡുലി ഗോള്‍ നേടിയതോടെ കര്‍ണാടകയെ ഒഡീഷ സമനിലയില്‍ തളക്കുകയായിരുന്നു. ഈസ്റ്റ് സോണില്‍ ഒന്നാമതായിട്ടാണ് ഒഡീഷ അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയത്. നാല് തവണ സന്തോഷ് ട്രോഫി ചാമ്പ്യന്‍മാരാണ് കര്‍ണാടക.