Connect with us

Ongoing News

സന്തോഷ് ട്രോഫി: ഗുജറാത്തിനെതിരെ ആധികാരിക ജയവുമായി സര്‍വീസസ്

Published

|

Last Updated

മലപ്പുറം | സന്തോഷ് ട്രോഫിയില്‍ ഗുജറാത്തിനെതിരെ ആധികാരിക ജയം നേടി സര്‍വീസസ്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് സര്‍വീസസ് ജയിച്ചുകയറിയത്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് പട്ടാള സംഘം ജയം സ്വന്തമാക്കിയത്. നിഖില്‍ ശര്‍മ, കൃഷ്ണകണ്ഠ സിംഗ്, പിന്റു മഹാത എന്നിവര്‍ സര്‍വീസസിനായി ഗോള്‍ നേടിയപ്പോള്‍ ജയ് കനാനിയുടെ വകയായിരുന്നു ഗുജറാത്തിന്റെ ആശ്വാസ ഗോള്‍.

20ാം മിനുട്ടിലായിരുന്നു ഗുജറാത്തിന്റെ ഗോള്‍. വലതു വിംഗില്‍ നിന്ന് പ്രണവ് രാമചന്ദ്ര കന്‍സെ സര്‍വീസസ് പ്രതിരോധ താരത്തെ മറികടന്ന് ഫസ്റ്റ് ബോക്സിലേക്ക് നല്‍കിയ പാസ് ജയ് കനാനി ലക്ഷ്യത്തിലെത്തിച്ചു. തുടര്‍ന്ന് സര്‍വീസസിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. 45ാം മിനുട്ടില്‍ സര്‍വീസസസിന്റെ സമനില ഗോള്‍ വന്നു. വലതു വിംഗിലൂടെ മുന്നേറി റൊണാള്‍ഡോ സിംഗ് ബോക്സിലേക്ക് നല്‍കിയ പാസ് ഗുജറാത്ത് പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടി ബോക്സില്‍ നിലയുറപ്പിച്ചിരുന്ന നിഖില്‍ ശര്‍മക്ക് ലഭിച്ചു. നിഖില്‍ പന്ത് അനായാസം ഗോളിലേക്ക് കണക്ട് ചെയ്തു.

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഗുജറാത്ത് ബോക്സിലേക്ക് ആക്രമണം നടത്തിക്കൊണ്ടിരുന്ന സര്‍വീസസ് 49ാം മിനുട്ടില്‍ ലീഡെടുത്തു. വിവേക് കുമാര്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ച പന്ത് ഗുജറാത്ത് പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടി കൃഷ്ണകണ്ഠ സിംഗിന് ലഭിച്ചു. താരത്തിന് പിഴച്ചില്ല. 85ാം മിനുട്ടില്‍ സര്‍വീസസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടതു വിംഗില്‍ നിന്ന് കൃഷ്ണകണ്ഠ സിംഗ് നല്‍കിയ പാസില്‍ പിന്റു മഹാതയുടെ ഹെഡ്ഡറിലൂടെയായിരുന്നു ഗോള്‍.

Latest