Kerala
സാരി നല്‍കിയത് 390 രൂപക്ക്, കുട്ടികളില്‍ നിന്നും ഈടാക്കിയത് 1600; നൃത്ത പരിപാടി വിവാദത്തില്‍ വിശദീകരണവുമായി കല്യാണ്‍ സില്‍ക്‌സ്
നൃത്ത പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സാരി നല്‍കിയതുമായി ബന്ധപ്പെട്ട് കല്യാണ്‍ സില്‍ക്സിനെതിരെയും ആക്ഷേപം ഉയര്‍ന്നിരുന്നു
കൊച്ചി | കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയില്‍ പങ്കെടുത്തവരെ സംഘാടകര്‍ സാമ്പത്തിക ചൂഷണത്തിനിരയാക്കിയ മറ്റൊരു സംഭവം കൂടി പുറത്തായി. നൃത്ത പരിപാടിക്ക് 12,500 സാരികള്‍ക്ക് സംഘാടകര്‍ ഓര്‍ഡര്‍ നല്‍കിയിരുന്നതായി കല്യാണ്‍ സില്‍ക്‌സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സാരി ഒന്നിന് 390 രൂപ എന്ന നിരക്കില്‍ ആണ് നല്‍കിയതെന്നം എന്നാല്‍ ഇതേ സാരിക്ക് കുട്ടികളില്‍ നിന്ന് സംഘാടകര്‍ 1600 രൂപ ഈടാക്കിയെന്നും കല്യാണ്‍ സില്‍ക്സ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് തങ്ങളെ വലിച്ചിഴയ്ക്കുന്നതില്‍ കല്യാണ്‍ സില്‍ക്സ് അതൃപ്തിയും രേഖപ്പെടുത്തി. നൃത്ത പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സാരി നല്‍കിയതുമായി ബന്ധപ്പെട്ട് കല്യാണ്‍ സില്‍ക്സിനെതിരെയും ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണം.
12500 സാരികള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള ഓര്‍ഡറാണ് കമ്പനിക്ക് ലഭിച്ചത്. ഒരു റീട്ടെയില്‍ സ്ഥാപനം എന്ന നിലയിലാണ് ഓര്‍ഡര്‍ അനുസരിച്ചുള്ള സാരികള്‍ നിര്‍മ്മിച്ച് നല്‍കിയത്. ഒരു സാരിക്ക് 390 രൂപയാണ് ഈടാക്കിയത്. എന്നാല്‍ ഇതേ സാരി മറിച്ചുവിറ്റപ്പോള്‍ കുട്ടികളില്‍ നിന്ന് സംഘാടകര്‍ 1600 രൂപയാണ് ഈടാക്കിയത് എന്ന് കമ്പനി ആരോപിച്ചു. കസ്റ്റമേഴ്സുമായി നടത്തിയ വാണിജ്യപരമായ ഇടപാട് എന്നതിനപ്പുറം പരിപാടിയില്‍ നേരിട്ട് ഒരു പങ്കാളിത്തവും കമ്പനിക്ക് ഇല്ല. അതിനാല്‍ കമ്പനിയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.