Kerala
മുനമ്പം വഖ്ഫ് ഭൂമിയിൽ നിലപാട് മാറ്റി സതീശന്‍; തീരുമാനിക്കേണ്ടത് സര്‍ക്കാറും വഖ്ഫ് ബോര്‍ഡും
മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന സതീശൻ്റെ പ്രസ്താവനക്കെതിരെ സുന്നി സംഘടനകൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു
കോഴിക്കോട് | മുനമ്പം വഖ്ഫ് ഭൂമി വിഷയത്തില്‍ നിലപാട് മാറ്റി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറും വഖ്ഫ് ബോര്‍ഡുമാണെന്ന് അദ്ദേഹം പറഞ്ഞു. മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന സതീശൻ്റെ പ്രസ്താവന വിവാദമായിരുന്നു.
ഭൂമി ആരുടേതെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. യു ഡി എഫിന് വിഷയത്തില്‍ ഒരു അഭിപ്രായമുണ്ട്. വ്യത്യസ്ത അഭിപ്രായമുണ്ടായപ്പോള്‍ ലീഗ് നേതാക്കള്‍ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. അതില്‍ താന്‍ അഭിപ്രായം പറയേണ്ടതില്ല. ഭിന്നിപ്പുണ്ടാക്കാതെ രമ്യമായി പ്രശ്നം പരിഹരിക്കണം.
സര്‍ക്കാര്‍ മനഃപൂര്‍വം ഈ വിഷയം നീട്ടിക്കൊണ്ടുപോവുകയാണ്. പത്ത് മിനുട്ട് കൊണ്ട് തീര്‍ക്കാന്‍ കഴിയുന്ന പ്രശ്നമാണ്. രണ്ട് സമുദായങ്ങളെ തമ്മില്‍ അടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കുടപിടിക്കുന്നുവെന്നും സതീശന്‍ കുറ്റപ്പെടുത്തി.
മുനമ്പം വഖ്ഫ് ഭൂമിയല്ലെന്ന് നേരത്തേ പറഞ്ഞ സതീശന്‍, നിയമപരമായി പരിശോധിച്ച ശേഷമാണ് വഖ്ഫ് ഭൂമിയല്ലെന്ന് പറഞ്ഞതെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ലീഗുമായി ആലോചിച്ച ശേഷമാണ് നിലപാട് പറഞ്ഞതെന്നായിരുന്നു അന്ന് സതീശന്‍ വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന് സുന്നി സംഘടനകൾ അടക്കം മുസ്ലിം സംഘടനകള്‍ സതീശനെതിരെ ശക്തമായി രംഗത്തെത്തി. ഇതോടെയാണ് നിലപാട് മാറ്റിയത്.