Kerala
സി പി എം സെക്രട്ടറി ബേബിയെ അഭിനന്ദിച്ച് സതീശന്‍; 'ഇന്ത്യ'ക്കൊപ്പം നിന്ന് ബി ജെ പിക്കെതിരെ പോരാടാന്‍ കഴിയും
പ്രകാശ് കാരാട്ടിന്റെയും പിണറായിയുടെയും ദൂഷിത വലയത്തില്‍ പെട്ടുപോകാതെ മുന്നോട്ടു പോയാല്‍ സെക്കുലര്‍ നിലപാടെടുക്കാന്‍ കഴിയുമെന്ന്

തിരുവനന്തപുരം | സി പി എം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം എ ബേബിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിനന്ദിച്ചു. ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ച ബേബിക്ക് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണിയുടെ നിലപാടുകള്‍ക്കൊപ്പം നിന്ന് ബി ജെ പിക്കെതിരെ പോരാടാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രകാശ് കാരാട്ടിനെ പോലെയും പിണറായി വിജയനെ പോലെയുമുള്ള ആളുകള്‍ പുറത്തുനിന്ന് നിയന്ത്രിച്ചാല്‍ അദ്ദേഹത്തിന് വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടവുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും സതീശന്‍ വിമര്‍ശിച്ചു.
ബി ജെ പി നവ ഫാസിസ്റ്റ് ശക്തി പോലുമല്ലെന്ന് കണ്ടുപിടിത്തം നടത്തിയ ആളാണ് പ്രകാശ് കാരാട്ട്. അതിന് പിന്തുണ കൊടുത്ത ആളാണ് പിണറായി വിജയന്‍. കോണ്‍ഗ്രസ്സ് വിരുദ്ധതയാണ് അവരുടെ മനസ്സിനുള്ളില്‍ മുഴുവനുള്ളത്. ബി ജെ പിയുമായി സന്ധി ചെയ്താലും കോണ്‍ഗ്രസ്സിനെ തകര്‍ക്കണമെന്ന് ഉള്ളുകൊണ്ട് ആഗ്രഹിക്കുന്നവരാണ് പിണറായിയും കാരാട്ടും. ഇവരുടെ ദൂഷിത വലയത്തില്‍ പെട്ടു പോകാതെ മുന്നോട്ടു പോയാല്‍ ദേശീയതലത്തില്‍ ഒരു സെക്കുലര്‍ നിലപാടെടുക്കാന്‍ ബേബിക്ക് കഴിയുമെന്നും വി ഡി സതീശന്‍ പറഞ്ഞു.