Connect with us

prathivaram poem

സതീർത്ഥ്യ തീരം

Published

|

Last Updated

കാലപ്രവാഹം തീർത്ത
ജീവിതനദി തേടുന്ന
ആഴിയാഴങ്ങളിലെ
അനുഭവ മുത്തുകളെ
വാരിയെടുക്കും വേള
വാസര സ്വപ്ന സൂനം
മധുകണമണിയും നേരം
മനവും മധുരം നുണയും
മാസ്മര നിമിഷം തരും
സാഫല്യ സമാഗമം .

കൗമാര മുഖങ്ങളിൽ
കൗതുകം വിടർന്നൊരാ
കനവാർന്ന കലാലയ
കാലത്തിൻ മയിൽപ്പീലി
കാത്തുസൂക്ഷിച്ചു വെച്ച
താളിലെ നാളിൽ ചേർന്ന
നൊമ്പര സ്മൃതികൾക്ക്
അർദ്ധവിരാമം ചാർത്തും
ജീവിത സായാഹ്നത്തിൻ
സതീർത്ഥ്യതീരം സാക്ഷി.

നഷ്ടവസന്ത സ്മൃതി
നവ്യമാം നന്മയ്ക്കായി
പ്രായ പ്രയാസ മുക്തം
പ്രശാന്ത ഹരിത കാന്തി –
തീരവും ഗൃഹാതുരം
ഗതകാല നിനവിൽ മോഹ
പ്പൂന്തെന്നലായി തഴുകും
സ്വര സർഗ ശ്രുതികൾ മീട്ടി
ആനന്ദ തരംഗിണിയിൽ
ആറാടും സതീർത്ഥ്യരേ
നുകരാം പാരസ്പര്യം
പകരാം ഹൃദയാർദ്രത.

Latest