From the print
ശക്തരായി സതീശനും ഷാഫി പറമ്പിലും; പ്രതിപക്ഷത്തിന് ആത്മവിശ്വാസം ഇരട്ടിയാകും
സതീശനും സുധാകരനും ഇരുവരുടെയും കസേര ഉറപ്പിക്കുന്നതോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ്സിലേക്കെത്തിയ സന്ദീപ് വാര്യർക്കും പാലക്കാട്ടെ വിജയം ആശ്വാസമാണ്

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങാനിരിക്കെ നിലവിലെ ഉപതിരഞ്ഞെടുപ്പ് വിജയം പ്രതിപക്ഷത്തിന് ഇരട്ടി ആത്മവിശ്വാസം നൽകും. ഒപ്പം പാർട്ടിയിൽ മേൽക്കൈ നേടുന്നതിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പാലക്കാട്ട് അങ്കത്തിന് ചുക്കാൻ പിടിച്ച ഷാഫി പറമ്പിലിനും വ്യക്തിപരമായും പാലക്കാട്ടെ വിജയം ഏറെ ഗുണകരമാകും. ചേലക്കരയിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും തദ്ദേശ–നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ്സിന് ഈ വിജയം ഏറെ ആത്മവിശ്വാസം പകരും. ഒത്തൊരുമിച്ചാൽ മലയും പോരുമെന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് വിജയമെന്നാണ് കോൺഗ്രസ്സിന്റെ വിലയിരുത്തൽ. സതീശനും സുധാകരനും ഇരുവരുടെയും കസേര ഉറപ്പിക്കുന്നതോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ്സിലേക്കെത്തിയ സന്ദീപ് വാര്യർക്കും പാലക്കാട്ടെ വിജയം ആശ്വാസമാണ്.
ഇതോടൊപ്പം തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ ബി ജെ പിയെ മറികടക്കാൻ വോട്ട് ചോദിക്കാനുള്ള ആത്മവിശ്വാസം കോൺഗ്രസ്സിന് രാഹുലിന്റെ വിജയം നൽകുന്നുണ്ട്.
കഴിഞ്ഞ രണ്ട് തവണയും ബി ജെ പി മേൽക്കൈ നിലനിർത്തിയിരുന്ന നഗരസഭയിൽ കോൺഗ്രസ്സ് നടത്തിയ കടന്നുകയറ്റവും ഒപ്പം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ ശ്രീധരനെ കൈയയച്ച് സഹായിച്ച പിരായിരി പഞ്ചായത്തിലുൾപ്പെടെ നടത്തിയ മുന്നേറ്റവും തദ്ദേശ തിരഞ്ഞടുപ്പിൽ കോൺഗ്രസ്സിന് ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. നഗരസഭയിലെ വോട്ടുകൾ ഉൾപ്പെടുന്ന ആദ്യ അഞ്ച് റൗണ്ട് എണ്ണുമ്പോൾ ഏഴായിത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ബി ജെ പി പ്രതീക്ഷിച്ചിരുന്നുവെങ്കിലും മൂന്ന് റൗണ്ട് കഴിഞ്ഞപ്പോൾ രാഹുലിന്റെ ലീഡ് ഉയർന്നിരുന്നു.
അതേസമയം, പത്തനംതിട്ട ജില്ലക്കാരനായ രാഹുലിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പ്രാദേശിക കോൺഗ്രസ്സ് നേതൃത്വം ഉയർത്തിയ എതിർപ്പ് മറികടന്നും ഡി സി സി സ്ഥാനാർഥിയായി നിർദേശിച്ച കെ മുരളീധരനെ വെട്ടിയുമാണ് രാഹുലിനെ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയതെന്നതിനാൽ ശാഫി പറമ്പിലിനും കോൺഗ്രസ്സിനും നിർണായകമായിരുന്നു പാലക്കാട്ടെ വിജയം.
രാഹുൽ 18,840 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമ്പോൾ പാർട്ടിക്കുള്ളിൽ അതിശക്തരമായി മാറുകയാണ് സതീശനും ഷാഫി പറമ്പിലും. ഒപ്പം പാലക്കാട്ടെ വിജയം സതീശൻ-ഷാഫി-രാഹുൽ ത്രയം കോൺഗ്രസ്സിൽ കാര്യങ്ങൾ ഏറ്റെടുക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് മുൻ യൂത്ത്‌കോൺഗ്രസ്സ് നേതാവ് പി സരിൻ കോൺഗ്രസ് വിട്ടത്. തുടർന്ന് സരിന്റെ ആരോപണം ശരിവെക്കുന്ന രാഷ്ട്രീയ നീക്കങ്ങളാണ് പാലക്കാട്ട് കണ്ടതും. ജില്ലയിൽ തമ്പടിച്ചാണ് സതീശനും ഷാഫിയും രാഹുലിനായി പ്രവർത്തിച്ചത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരനു പോലും സതീശനും ഷാഫിയും നടത്തുന്ന പ്രവർത്തനങ്ങളെ പ്രത്യക്ഷമായി പിന്തുണക്കേണ്ടി വന്നിരുന്നു. അതേസമയം, രാഹുൽ പരാജയപ്പെടുകയോ ഭൂരിപക്ഷം കുറയുകയോ ചെയ്തിരുന്നുവെങ്കിൽ വി ഡി സതീശന് കനത്ത തിരിച്ചടിയാകുമായിരുന്നു. വോട്ടെടുപ്പിന് തൊട്ടുമുന്പ് വരെയും നേതാക്കളുടെ കൊഴിഞ്ഞുപോക്കും ഷാഫിയുടെ ഏകാധിപത്യത്തിൽ പ്രതിഷേധിച്ച് പാർട്ടി വിടുന്നുവെന്ന അവരുടെ പ്രതികരണവും തിരിച്ചടിയാകുമെന്ന ആശങ്ക ഉയർന്നിരുന്നുവെങ്കിലും പാലക്കാട്ടെ ആധികാരിക ജയം ഷാഫിയെ ജില്ലയിലെ മാത്രമല്ല, സംസ്ഥാന കോൺഗ്രസ്സിലെ തന്നെ നേതാവാക്കി ഉയർത്തിയേക്കും. ഇതോടൊപ്പം വയനാട് ലോക്‌സഭാ മണ്ഡലത്തിൽ രാഹുലിന്റെ ലീഡ് മറികടന്നുള്ള പ്രിയങ്കഗാന്ധിയുടെ മുന്നേറ്റവും കോൺഗ്രസ്സ് നേതൃത്വത്തിന് അനുകൂല ഘടകമായി. എന്നാൽ, ചേലക്കരയിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെന്നതും പി വി അൻവറിനെയും അൻവർ അവതരിപ്പിച്ച സ്ഥാനാർഥി സുധീറിനെയും പ്രതിരോധിക്കാൻ കഴിയാത്തതും കോൺഗ്രസ്സിന് ചെറിയ തോതിൽ ക്ഷീണം ചെയ്തിട്ടുണ്ടെങ്കിലും ഇതിനെയെല്ലാം മറികടക്കുന്നതാണ് പാലക്കാട്ടെയും വയനാട്ടിലെയും ഉപതിരഞ്ഞെടുപ്പ് വിജയം.