Connect with us

From the print

വാഫി ക്യാമ്പസുകൾ തിരിച്ചുപിടിക്കുമെന്ന് സത്താർ പന്തല്ലൂർ; അനുസരണ വേണമെന്ന് സ്വാദിഖലി തങ്ങൾ

സ്വാദിഖലി തങ്ങളെ പരോക്ഷമായി വിമർശിച്ച് മുശാവറ അംഗം മുസ്തഫൽ ഫൈസി രംഗത്തെത്തി

Published

|

Last Updated

കോഴിക്കോട് | സി ഐ സി ആഭിമുഖ്യത്തിലുള്ള വാഫി ക്യാമ്പസുകൾ തിരിച്ചുപിടിക്കുമെന്ന് ഇ കെ വിഭാഗം നേതാവ് സത്താർ പന്തല്ലൂരിന്റെ വെല്ലുവിളി. എന്നാൽ, അനുസരണ വേണമെന്നായിരുന്നു സി ഐ സി പ്രസിഡന്റ് കൂടിയായ സ്വാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.

സമസ്തയുടെ മേൽവിലാസത്തിൽ ഏതെങ്കിലും സ്ഥലത്ത് ഭൂമി വാങ്ങുകയോ വഖ്ഫായി ലഭിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന് പ്രവർത്തകർ മുന്നോട്ട് വരും. കാളികാവ് വാഫി ക്യാമ്പസിനാവശ്യമായ ഭൂമി നൽകിയത് അടക്കാക്കുണ്ട് ബാപ്പു ഹാജിയാണ്. സമസ്തയുടെ ആദർശമനുസരിച്ചും തീരുമാനമനുസരിച്ചും പ്രവർത്തിക്കണമെന്നാണ് വഖ്ഫ് ആധാരത്തിൽ അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്. വ്യവസ്ഥകൾക്ക് ലംഘനം വന്നാൽ സമസ്ത മുശാവറക്ക് ഇടപെടാൻ അവകാശമുണ്ടെന്നും വാഖിഫായ ബാപ്പു ഹാജി പറഞ്ഞിട്ടുണ്ടെന്ന് സത്താർ പന്തല്ലൂർ പ്രസംഗത്തിൽ തുറന്നടിച്ചു. ഞാനും ഭാര്യയും തട്ടാനുമാണ് സി ഐ സി കൊണ്ടുനടക്കേണ്ടതെന്ന വ്യാമോഹം വേണ്ട. ഇത് മാത്രമല്ല, മറ്റ് 54 സ്ഥാപനങ്ങളുടെയും ആധാരങ്ങളും രേഖകളും പരിശോധിച്ച് നിയമ വിധേയമായി ഇടപെടും. ഇക്കാര്യത്തിൽ ഉസ്താദുമാരുടെ ആഹ്വാനങ്ങൾ ഉണ്ടായാൽ എല്ലാവരും സഹകരിക്കണമെന്നും സത്താർ പന്തല്ലൂർ വ്യക്തമാക്കി.

എന്നാൽ, വിഷയദാരിദ്ര്യം ഉള്ളവർ പലതും പറയും. തെറ്റിദ്ധാരണ പരത്താൻ വേണ്ടിയല്ല നമ്മുടെ വേദികളെ ഉപയോഗപ്പെടുത്തേണ്ടത്. വാഫി, വഫിയ്യ വിഷയത്തിൽ സത്യസന്ധമായാണ് മുന്നോട്ട് പോകുന്നത്. ഉത്തരവാദിത്വപ്പെട്ട ഒരു സംവിധാനം അതിനുണ്ട്. സമസ്ത മുശാവറയുടെ അംഗങ്ങൾ ഉൾക്കൊള്ളുന്ന സമിതിയാണത്. അവരെ മറികടന്നുള്ള പ്രചാരണത്തിനൊന്നും ആരും മെനക്കെടരുത്. അത് കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് എതിരാണ്. അനുസരണ വേണമെന്നും സത്താർ പന്തല്ലൂരിന്റെ പേര് പറയാതെ സ്വാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
ആദർശ സമ്മേളനം, നവോത്ഥാന സമ്മേളനം എന്നീ പേരുകളിലാണ് ഇരു വിഭാഗവും വിവിധയിടങ്ങളിലായി സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്. കാളികാവിലും മലപ്പുറത്തും സംഘടിപ്പിച്ച സമ്മേളനങ്ങൾക്കിടയിലാണ് ഇരു നേതാക്കളുടെയും പരാമർശങ്ങൾ.
അതിനിടെ, ഒളിയമ്പുകളും പരസ്യ വിമർശങ്ങളുമായി നേതാക്കൾ രംഗത്തുണ്ട്. സ്വാദിഖലി തങ്ങളുടെ ഉണ്ണിയേശു പരാമർശത്തോട് ഉണ്ണിമായിൻ എന്ന പദം മുസ്‌ലിം നാമമാണെന്ന വാദമുയർത്തിയാണ് നാസർ ഫൈസി കൂടത്തായി ന്യായീകരിച്ചത്. നദ്‌വത്തുൽ മുജാഹദീൻ ജനറൽ സെക്രട്ടറി മുഹമ്മദ് മദനിക്കു വേണ്ടി സ്വാദിഖലി ശിഹാബ് തങ്ങൾ മയ്യിത്ത് നിസ്‌കരിച്ചതുമായി ബന്ധപ്പെട്ട വിവാദം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്വാദിഖലി തങ്ങളെ പരോക്ഷമായി വിമർശിച്ച് മുശാവറ അംഗം മുസ്തഫൽ ഫൈസി രംഗത്തെത്തി. എന്തെങ്കിലും താത്പര്യങ്ങൾക്ക് നവീനവാദികളുടെ മയ്യിത്ത് നിസ്‌കരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം വിമർശിച്ചു.

Latest