Connect with us

Kerala

ശനിയാഴ്ച പ്രവൃത്തി ദിവസം; സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഉച്ചവരെ മാത്രമായിരിക്കും ക്ലാസെന്നും ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് മാനദണ്ഡം പാലിച്ച് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കും. പി ടി എയായിരിക്കും അതിനുള്ള നടപടികള്‍ സ്വീകരിക്കുക. ഫിറ്റ്‌നസ് ഇല്ലാത്ത സ്‌കൂളുകളിലെ കുട്ടികള്‍ക്ക് സമീപത്തെ സ്‌കൂളില്‍ ക്ലാസ് ഉറപ്പാക്കും. എല്‍ പി ക്ലാസില്‍ ഒരു ബഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരുത്തുകയുള്ളൂ. കുട്ടികളെ കൊണ്ടുവരുന്ന ഓട്ടോറിക്ഷയില്‍ പരമാവധി മൂന്ന് കുട്ടികളെ മാത്രമേ കയറ്റാന്‍ പാടുള്ളൂ. വിദ്യാര്‍ഥികള്‍ക്കുള്ള ബസ് കണ്‍സഷന്‍ വിഷയത്തില്‍ സ്വകാര്യ ബസ് ഉടമകളുമായി ഉടന്‍ ചര്‍ച്ച നടത്തും. അധ്യാപകര്‍ക്കും അധ്യാപകേതര ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും നവംബര്‍ ഒന്നു മുതല്‍ തന്നെ തുടങ്ങും. സ്‌കൂളില്‍ നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നിലവിലുള്ള ഡിജിറ്റല്‍ പഠനരീതി തുടരണമെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂളുകളില്‍ രോഗലക്ഷണ പരിശോധന രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും രോഗലക്ഷണമുള്ളവര്‍ക്ക് സിക്ക് റൂമുകള്‍ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്.

 

Latest