Connect with us

KERALA BUDGET

ബജറ്റ് പ്രതിപക്ഷ എം എൽ എമാരുടെ സത്യഗ്രഹം രണ്ടാം ദിവസത്തിൽ

നിയമസഭാ കവാടത്തിലാണ് എം എൽ എമാരായ ഷാഫി പറമ്പിൽ, സി ആർ മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവർ ഇന്നലെ സത്യഗ്രഹം ആരംഭിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | ബജറ്റിലെ നികുതി വർധനക്കും ഇന്ധന സെസിനുമെതിരെ പ്രതിപക്ഷനിരയിലെ നാല് അംഗങ്ങളുടെ സത്യഗ്രഹ സമരം രണ്ടാം ദിനത്തിൽ. നിയമസഭാ കവാടത്തിലാണ് എം എൽ എമാരായ ഷാഫി പറമ്പിൽ, സി ആർ മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവർ ഇന്നലെ സത്യഗ്രഹം ആരംഭിച്ചത്. കോൺഗ്രസ് ഇന്ന് സെക്രട്ടേറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തുന്നുണ്ട്.

നികുതി വർധനക്കെതിരെ പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സത്യഗ്രഹം. ഇന്നലെ ചോദ്യോത്തരവേള തുടങ്ങിയതോടെ പ്ലക്കാർഡും ബാനറും ഉയർത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചിരുന്നു. തുടർന്ന് ശൂന്യവേള കഴിഞ്ഞതിന് പിന്നാലെ ബജറ്റിന്മേലുള്ള പൊതുചർച്ചക്ക് തൊട്ടുമുമ്പ് സമരം പ്രഖ്യാപിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശമായ ബജറ്റാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ നിന്ന് ഇറങ്ങിപ്പോകുന്നതിന് മുമ്പ് പറഞ്ഞു.

മഹാമാരിയും പ്രളയവും ഉണ്ടാക്കിയ പ്രതിസന്ധിയിൽ തളർന്നിരിക്കുന്ന കേരളത്തിലെ ജനങ്ങൾക്കു മേൽ ഇടിത്തീ പോലെ പെയ്തിറങ്ങിയിരിക്കുന്ന മറ്റൊരു മഹാദുരന്തമായി ബജറ്റ് മാറിയിരിക്കുകയാണ്. 4,000 കോടിയുടെ അധിക ബാധ്യതയാണ് ജനങ്ങൾക്കു മേൽ കെട്ടിവെച്ചിരിക്കുന്നത്. അശാസ്ത്രീയമായ നികുതി നിർദേശങ്ങൾ കേരള സമ്പദ് വ്യവസ്ഥയുടെ താളം തെറ്റിക്കുകയും ജനജീവിതത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്നും സതീശൻ പറഞ്ഞു.

അതേസമയം, ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധനവിനെ ധനമന്ത്രി കെ എൻ ബാലഗോപാൽ ന്യായീകരിച്ചു. പരിമിതമായ നികുതി വർധന മാത്രമാണിത്. യു ഡി എഫ് 17 തവണ ഇന്ധന നികുതി കൂട്ടി. പ്രതിപക്ഷം ബി ജെ പിയെ പിന്തുണക്കുകയാണെന്നും ബാലഗോപാൽ പറഞ്ഞു. തുടർന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷം സഭാകവാടത്തിന് മുന്നിൽ ഇരുന്ന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ഇറങ്ങിപ്പോയെങ്കിലും മറ്റ് സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിച്ചു.