Kerala
പി വി സത്യനാഥന്‍ വധം: അന്വേഷണത്തിന് പ്രത്യേക സംഘം
വടകര ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ 14 അംഗ സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചത്.
കോഴിക്കോട് | കൊയിലാണ്ടിയില്‍ സി പി എം നേതാവ് പി വി സത്യനാഥന്‍ കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിച്ചു. വടകര ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ 14 അംഗ സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. പേരാമ്പ്ര, താമരശ്ശേരി ഡി വൈ എസ് പിമാരും അന്വേഷണ സംഘത്തിലുണ്ട്.
കൊലയ്ക്ക് ഉപയോഗിച്ച ആയുധം എന്തെന്നതില്‍ വ്യക്തതയില്ല. ആയുധം കണ്ടെത്താന്‍ അന്വേഷണം തുടരുമെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിക്ക് തക്കതായ ശിക്ഷയുറപ്പാക്കണം. സംഭവത്തിന് പിന്നില്‍ മറ്റാരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കണം. കൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവനാളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാവശ്യമായ അന്വേഷണം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
ഇന്നലെ രാത്രി 10ഓടെയാണ് സി പി എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറ വയലില്‍ പി വി സത്യനാഥനെ (62) കൊലപ്പെടുത്തിയത്. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടയിലായിരുന്നു സംഭവം.