Connect with us

pulvama

പുല്‍വാമ വെളിപ്പെടുത്തല്‍ നടത്തിയ സത്യപാല്‍ മല്ലിക്കിനെ ഡല്‍ഹി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു

മല്ലിക്കിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ഖാപ്പ് പഞ്ചായത്ത് യോഗം ഡല്‍ഹി പോലീസ് തടഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ഷക ഖാപ് പഞ്ചായത്തില്‍ പങ്കെുടുത്ത ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലികിനെ പോലീസ് ആര്‍ കെ പുരം പോലീസ് സ്റ്റേഷനിലെത്തിച്ചു. മല്ലിക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തതാണെന്നു കര്‍ഷക നേതാക്കള്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം അനുയായികള്‍ക്കൊപ്പം സ്വമേധയാ പോലീസ് സ്റ്റേഷനില്‍ എത്തിയതെന്നാണ് പോലീസ് നിലപാട്.
മല്ലിക്കിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ഖാപ്പ് പഞ്ചായത്ത് യോഗം ഡല്‍ഹി പോലീസ് തടഞ്ഞിരുന്നു. അനുമതിയില്ലാതെയാണ് യോഗം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഖാപ്പ് പഞ്ചായത്ത് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതിനൊപ്പമാണ് സത്യപാല്‍ മല്ലിക്കും സ്റ്റേഷനില്‍ എത്തി.

2024 ലെ ലോക സഭാ തിരഞ്ഞെടുപ്പു വരെ തനിക്കെതിരെ ഇത്തരം നടപടികള്‍ ഉണ്ടാവുമെന്നും 2014 ലെ തിരഞ്ഞെടുപ്പോടെ എല്ലാം അവസാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
രാജ്യം ഞെട്ടിയ പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള വെളിപ്പെടുത്തലിനു ശേഷം തനിക്കെതിരായ നടപടികളെ പരാമര്‍ശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സത്യപാല്‍ മല്ലിക്കിനെ വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് സി ബി ഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സിബിഐ ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചത് ഒഴിവാക്കി. ജമ്മു കശ്മീരിലെ റിലയന്‍സ് ഇന്‍ഷുറന്‍സ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ്. ജലവൈദ്യുത പദ്ധതിയില്‍ കമ്മീഷന്‍ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തിലും അന്വേഷണം നടന്നേക്കും. സി ബി ഐക്ക് 28ന് സമയം നല്‍കിയെന്ന് മല്ലിക് പറഞ്ഞു.

പുല്‍വാമയില്‍ ജവാന്മാരെ കൊണ്ടു പോകാന്‍ വിമാനം നല്‍കാത്തതും സ്‌ഫോടകവസ്തു നിറച്ച കാര്‍ രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്താത്തതും വീഴ്ചയാണെന്നായിരുന്നു മല്ലിക് പറഞ്ഞത്. തന്നോട് ഇക്കാര്യം മിണ്ടരുത് എന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. വിമര്‍ശനം മുന്‍ കരസേന മേധാവി ശങ്കര്‍ റോയ് ചൗധരിയും ശരിവെച്ചിരുന്നു.

ഈ വെളിപ്പെടുത്തല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുക്കുകയും കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് മാലിക്കിനെതിരെയുള്ള കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം. എന്നാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലില്‍ കേന്ദ്രസര്‍ക്കാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ പ്രതികരിച്ചില്ല.

ഖാപ് പഞ്ചായത്തിന് അനുമതി നിഷേധിച്ചതും തന്നെ സ്റ്റേഷനിലേക്കു കൊണ്ടുപോയതും പോലുള്ള നടപടികള്‍ ഇനിയും തുടരുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഇന്ന് സത്യപാല്‍ മല്ലിക്കിനു പിന്‍തുണ പ്രഖ്യാപിച്ച് ഖാപ് പഞ്ചായത്തുകള്‍ സംഘടിപ്പിച്ചിരുന്നു. അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ പ്രതികാര നടപടികളുമായി മുന്നോട്ടു പോയാല്‍ ശക്തമായ പ്രതികരണമുണ്ടാവുമെന്നാണ് കര്‍ഷക സംഘനകള്‍ പറയുന്നത്.

Latest