Connect with us

International

ഹൂതികളുമായി ചർച്ചക്ക് സഊദി, ഒമാൻ പ്രതിനിധികൾ സൻആയിൽ

യമനിൽ വെടിനിർത്താനും സഊദിയുടെ സൈനിക നടപടി അവസാനിപ്പിക്കാനും ഹൂതി നേതാക്കളുമായി ചർച്ച

Published

|

Last Updated

സൻആ | ആഭ്യന്തര യുദ്ധത്തിൽ തകർന്ന യമനിൽ വെടിനിർത്താനും സഊദിയുടെ സൈനിക നടപടി അവസാനിപ്പിക്കാനും ഹൂതി നേതാക്കളുമായി ചർച്ചനടത്തും. ഇതിനായി സഊദി, ഒമാൻ പ്രതിനിധികൾ യമൻ തലസ്ഥാനമായ സൻആയിലെത്തി. ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെ തുടർന്നാണ് ചർച്ചക്ക് കളമൊരുങ്ങിയത്.

ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ മേധാവി മഹ്്ദി അൽ മഷാത്തുമായി പ്രതിനിധികൾ ചർച്ച നടത്തും. ഉപരോധവും ആക്രമണവും അവസാനിപ്പിക്കുന്നതിനെക്കുറിച്ചും യമൻ ജനതയുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുമെന്ന് ഹൂതി പ്രസിഡൻഷ്യൽ കൗൺസിൽ വൃത്തങ്ങൾ അറിയിച്ചു. യമനിലെ തുറമുഖങ്ങളിൽ സഊദി ഏർപ്പെടുത്തിയ ഉപരോധവും ചർച്ചയോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷ.

ഒപ്പം ഹൂതികളുടെ നിയന്ത്രണത്തിലുള്ള സൻആ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം പഴയ പടിയാക്കുക, സർക്കാർ ഉദ്യോഗസ്ഥർക്ക് വേതനം നൽകൽ, പുനർനിർമാണ ശ്രമങ്ങൾ, സഊദി സൈന്യം പൂർണമായും യമനിൽ നിന്ന് പിൻവാങ്ങുക എന്നിവ സംബന്ധിച്ചും ചർച്ച നടക്കും.

ചൈനയുടെ മധ്യസ്ഥതയിൽ ബദ്ധവൈരികളായ സഊദിയും ഇറാനും തമ്മിൽ ചർച്ച നടത്തി ബന്ധം പുനഃസ്ഥാപിക്കാൻ സമ്മതിച്ചതിന് പിന്നാലെയാണ് യമനിലും സമാധാനം കൈവരിക്കാനുള്ള ചർച്ച നടക്കുന്നത്. സഊദിക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് ഹൂതികൾക്ക് ആയുധം നൽകുന്നത് ഇറാനാണെന്ന് ആരോപണം ഉണ്ടായിരുന്നു. സഊദിയും ഇറാനും നയതന്ത്ര ബന്ധം ഊഷ്മളമാക്കാൻ തീരുമാനിച്ചതോടെ ഹൂതികൾ വിട്ടുവീഴ്ചക്ക് തയ്യാറാകും. മക്കയടക്കമുള്ള നഗരങ്ങളിലേക്ക് ഹൂതികൾ തൊടുത്ത ഡ്രോണുകൾ ഇറാൻ നിർമിതമായിരുന്നു.

ചർച്ചയുടെ പശ്ചാത്തലത്തിൽ സഊദി ജയിലിൽ കഴിയുന്ന 13 ഹൂതി തടവുകാരെ മോചിപ്പിച്ചു. മോചിതരായവർ സൻആയിലെത്തിയതായി തടവുകാരെ കൈമാറുന്ന ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്ന ഹൂതി പ്രതിനിധി അബ്ദുൽ ഖാദർ അൽ മുർതസ അറിയിച്ചു. ഹൂതികൾ യമനിൽ തടവിലാക്കിയ സഊദി പൗരനെ മോചിപ്പിച്ചതോടെയാണ് സഊദിയിലെ ജയിലിൽ നിന്ന് ഹൂതികളെ മോചിപ്പിച്ചതെന്നും അൽ മുർതസ പറഞ്ഞു.

പതിനായിരക്കണക്കിനാളുകളെ കൊന്നൊടുക്കുകയും ലോകത്തെ ഏറ്റവും മോശമായ മാനുഷിക
ദുരന്തങ്ങളിലൊന്നായി കണക്കാക്കുകയും ചെയ്ത യമൻ ആഭ്യന്തര കലാപം അവസാനിപ്പിക്കുന്നതിനുള്ള നടപടികളിൽ ഒന്നാണ് തടവുകാരെ മോചിപ്പിക്കലെന്ന് ഐക്യരാഷ്ട്രസഭയുടെ യമനിലെ പ്രത്യേക ദൂതൻ അറിയിച്ചു.

കഴിഞ്ഞ മാസം സ്വിറ്റ്‌സർലാൻഡിൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ ഹൂതികളും സഊദിയും നടത്തിയ ചർച്ചയിൽ 887 തടവുകാരെ മോചിപ്പിക്കാൻ ധാരണയായിരുന്നു.

Latest