Ongoing News
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി അര്‍ദ നൃത്തം; സഊദിയുടെ പൈതൃക പ്രദര്‍ശനം
ഫെബ്രുവരി 20 മുതല്‍ 23 വരെ റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റിയും റിയാദ് പ്രവിശ്യാ ഭരണകൂടവും ചേര്‍ന്നായിരുന്നു തലസ്ഥാന നഗരിയില്‍ നാല് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിച്ചത്.

ദമാം | സഊദി അറേബ്യയുടെ സ്ഥാപക ദിനാഘോഷത്തില്‍ 633 പേര്‍ ചേര്‍ന്ന് അവതരിപ്പിച്ച പരമ്പരാഗത നൃത്തമായ അര്‍ദ നൃത്തം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി. ഫെബ്രുവരി 20 മുതല്‍ 23 വരെ റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റിയും റിയാദ് പ്രവിശ്യാ ഭരണകൂടവും ചേര്‍ന്നായിരുന്നു തലസ്ഥാന നഗരിയില്‍ നാല് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിച്ചത്.
അറേബ്യന്‍ പാരമ്പര്യ നാടോടി നൃത്തമായ അര്‍ദ ആസ്വദിക്കാന്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേര്‍ തലസ്ഥാന നഗരിയിലെത്തിച്ചേര്‍ന്നിരുന്നു. അറബ് ഗോത്ര-സംസ്‌കാരങ്ങളുടെ ഉജ്ജ്വല പ്രതീകമായാണ് അര്‍ദ അറിയപ്പെടുന്നത്.
രണ്ട് വരികളില്‍ മുഖാമുഖം ചേര്‍ന്ന് വാദ്യങ്ങള്‍ക്കും കവിതകള്‍ക്കുമനുസരിച്ച് വാളുകള്‍ താളം പിടിച്ചാണ് പുരുഷന്മാര്‍ നൃത്തം അവതരിപ്പിക്കുന്നത്. മനോഹരമായ അറബിക് കവിതകളുടെ വരികള്‍ക്കൊപ്പം താളം പിടിച്ചാണ് നര്‍ത്തകര്‍ ചുവടുവെയ്ക്കുക.
ഒരു ഗോത്രത്തിന്റെ പോരാട്ട വീര്യം പരസ്യമായി പ്രദര്‍ശിപ്പിക്കുകയും സായുധ നീക്കത്തിന് മുമ്പ് മനോവീര്യം വര്‍ധിപ്പിക്കുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെ യുദ്ധങ്ങള്‍ക്ക് പുറപ്പെടുന്നതിനു മുമ്പായി മധ്യ നജ്ദ് മേഖലയിലെ ഗോത്രവര്‍ഗക്കാരായ പുരുഷന്മാര്‍ നടത്തിയിരുന്ന നൃത്തമായിരുന്നു അര്‍ദ. ഈ നൃത്തത്തോടെയാണ് സഊദിയിലെത്തുന്ന അതിഥികളെ വരവേല്‍ക്കുന്നത്. രാജ്യത്തിന്റെ തനത് കലാരൂപമായ അര്‍ദ നൃത്തം സവിശേഷ ദിനങ്ങളിലും പൊതുപരിപാടികളിലും വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകളിലും ഒഴിച്ചുകൂടാനാകാത്തതാണ്. 2015 ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും അര്‍ദ നൃത്തരൂപം ഇടം പിടിച്ചിരുന്നു