Saudi Arabia
ചരിത്രം കുറിച്ച് സഊദിയിലെ ഏറ്റവും വലിയ രക്തദാനം; ഒറ്റദിവസം 1428 രക്തദാതാക്കള്‍
കേളി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി അഞ്ച് കേന്ദ്രങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

റിയാദ് | സഊദിയിലെ ഏറ്റവും വലിയ രക്തദാനം സംഘടിപ്പിച്ച് കേളി കലാസാംസ്‌കാരിക വേദി ചരിത്രം കുറിച്ചു. കേളിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എട്ടാമത് മെഗാ രക്തദാനത്തില്‍ 1428 പേര്‍ പങ്കാളികളായി. കേളി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി അഞ്ച് കേന്ദ്രങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിദൂര പ്രദേശങ്ങളില്‍ ഉള്ളവരെകൂടി ക്യാമ്പിന്റെ ഭാഗമാക്കുക, കൂടുതല്‍ രക്തം ശേഖരിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച ക്യാമ്പ് ഹജ്ജിന് എത്തുന്നവരെ അടിയന്തിര ഘട്ടത്തില്‍ സഹായിക്കുന്നതിനുള്ള മുന്‍കരുതലായാണ് സംഘടിപ്പിച്ചു വരുന്നത്. കേളിയും സഊദി ആരോഗ്യ മന്ത്രാലയവും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം സ്ത്രീ പങ്കാളിത്തം വര്‍ധിച്ചു എന്നത് എടുത്ത് പറയേണ്ടതാണ്.
മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാര്‍, ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, സിറിയ, പലസ്തീന്‍, സുഡാന്‍, ജോര്‍ദ്ദാന്‍ എന്നീ രാജ്യക്കാരും സൗദി പൗരന്മാരും രക്തദാനത്തില്‍ പങ്കാളികളായി.രാവിലെ 9 മണിക്ക് ആരംഭിച്ച റിയാദിലെ ക്യാമ്പ് വൈകിട്ട് ഏഴുമണിക്കാണ് അവസാനിച്ചത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിവിധ ആശുപത്രിയില്‍ നിന്നുള്ള 56 സ്റ്റാഫുകള്‍ക്ക് പുറമെ രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ കേളിയിയുടെ 22 മെമ്പര്‍മാരും വളണ്ടിയര്‍മാരായി 90 പേരും പ്രവര്‍ത്തിച്ചു. റിയാദിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘാടക സമിതി ചെയര്‍മാന്‍ നസീര്‍ മുള്ളൂര്‍ക്കര, ജോയിന്റ് കണ്‍വീനര്‍ നാസര്‍ പൊന്നാനി എന്നിവര്‍ നേതൃത്വം നല്‍കി. 1700 ന് പുറത്ത് ആളുകള്‍ എത്തിച്ചേര്‍ന്ന ക്യാമ്പില്‍ 1456 പേര്‍ രെജിസ്റ്റര്‍ ചെയ്തു. മുന്നൂറോളം പേരുടെ രക്തം വിവിധ കാരണങ്ങളാല്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല. 1139 പേരുടെ രക്തം ശേഖരിച്ചു.
അല്‍ഖര്‍ജ് എരിയയില്‍ നടത്തിയ ക്യാമ്പിന് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തില്‍ പ്രസിഡന്റ് ഷബി അബ്ദുള്‍ സലാം, ആക്ടിഗ് സെക്രട്ടറി റാഷിദ് അലി എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകിട്ട് അഞ്ചുമണി വരെ നീണ്ടു നിന്നു. ഒരേസമയം ആറുപേരുടെ രക്തം ശേഖരിക്കാവുന്ന മൊബൈല്‍ യൂണിറ്റായിരുന്നു അല്‍ഖര്‍ജില്‍ എത്തിയിരുന്നത്. 146 പേര്‍ രജിസ്റ്റര്‍ ചെയ്ത ക്യാമ്പില്‍ നിന്നും 103 പേരുടെ രക്തം സ്വീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ 9 അംഗങ്ങളും കേളിയുടെ 22 പേര്‍ വോളണ്ടിയര്‍മാരായും പ്രവര്‍ത്തിച്ചു. അല്‍ ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് കോഡിനേറ്റര്‍ അബ്ദുള്ള മെഡിക്കല്‍ ടീമിനെ നയിച്ചു.
ദവാത്മിയില്‍ സമ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പിന് യൂണിറ്റ് രക്ഷാധികാരി സമിതി അംഗങ്ങളായ ഉമ്മര്‍, രാജേഷ്, മുജീബ്, ബിനു ജീവകാരുണ്യ കമ്മറ്റി ചെയര്‍മാന്‍ റാഫി എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ 9 മണിമുതല്‍ മൂന്നുമണിവരെ നീണ്ട് നിന്ന ക്യാമ്പില്‍ 100ല്‍ പരം രക്തദാതാക്കളെത്തി. 70 പേരുടെ രക്തം സ്വീകരിച്ചു. ദവാത്മി ജനറല്‍ ആശുപത്രിയിലെ 9 അംഗ ടീമിനെ പിആര്‍ഓ മലാഹി നയിച്ചു.
അല്‍ക്കുവയ്യ യൂണിറ്റില്‍ നടന്ന ക്യാമ്പിന് യൂണിറ്റ് പ്രസിഡണ്ട് നൗഷാദ്, സെക്രട്ടറി അനീഷ് അബൂബക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അല്‍ക്കുവയ്യ ജനറല്‍ ആശുപത്രിയിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ഒരു ക്യാമ്പ് എന്നതരത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്നത് കൊണ്ടുതന്നെ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് സാധിച്ചില്ല. ഉച്ചക്ക് മൂന്ന് മണിയോടെ ആരംഭിച്ച ക്യാമ്പ് രാത്രി പത്തു മണി വരെ നീണ്ടു നിന്നെങ്കിലും 32 യൂണിറ്റ് രക്തം മാത്രമാണ് ശേഖരിക്കാന്‍ കഴിഞ്ഞത്. ആവശ്യത്തിനുള്ള ബ്ലഡ് ബാഗ് കരുതാതിരിുന്നതിനാല്‍ 100കണക്കിന് രക്തദാതാക്കള്‍ക്ക് തിരിച്ചു പോകേണ്ടി വന്നു.
മജ്മയില്‍ സംഘടിപ്പിച്ച ക്യാമ്പ് കിങ് ഖാലിദ് ആശുപത്രിയുടെയും നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. കേളി മജ്മ യൂണിറ്റ് പ്രസിഡണ്ട് ബാലകൃഷ്ണന്‍, സെക്രട്ടറി പ്രതീഷ് ട്രഷറര്‍ രാധാകൃഷ്ണന്‍ കുടുംബ വേദി അംഗം ശരണ്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. 12 അംഗ മെഡിക്കല്‍ ടീമിനെ ബ്ലഡ് ബാങ്ക് സൂപ്രവൈസര്‍ ഖാലിദ്, സാല റഷീദി എന്നിവര്‍ നയിച്ചു. രാവിലെ 8 മണിക്ക് ആരംഭിച്ച ക്യാമ്പ് 2.30 ന് അവസാനിപ്പിച്ചു. 119 പേര്‍ രജിസ്റ്റര്‍ ചെയ്ത ക്യാമ്പില്‍ 70 പേരുടെ രക്തം സ്വീകരിച്ചു.
റിയാദില്‍ നടന്ന സമാപന ചടങ്ങിന് കേളി പ്രസിഡണ്ട് സെബിന്‍ ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ നസീര്‍ മുള്ളൂര്‍ക്കര ആമുഖ പ്രസംഗം നടത്തിയ ചടങ്ങില്‍ സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. റിയാദ് ബ്ലഡ് ബാങ്ക് റീജനല്‍ ഡയരക്ടര്‍ ഖാലിദ് സൗബി, സെന്‍ട്രല്‍ ഡയര്‍ക്ടര്‍ അബ്ദുള്‍ ലത്തീഫ് അല്‍ ഹാരിസി, സൂപ്പര്‍ വൈസര്‍ മുഹമ്മദ് ബത്ത അല്‍ അനസ്, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, സുരേന്ദ്രന്‍ കൂട്ടായ്, സീബാ കൂവോട്, ലുലു മലാസ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഖാലിദ് ഹംദാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. റിയാദ് ബ്ലഡ് ബാങ്ക് കേളിക്ക് നല്‍കിയ മെമോന്റോയും സര്‍ട്ടിഫിക്കറ്റും റീജണല്‍ ഡയറക്ടറില്‍ നിന്നും കേളി സെക്രട്ടറിയും പ്രസിഡണ്ടും ചേര്‍ന്ന് ഏറ്റു വാങ്ങി. ലുലുവിനും ബ്ലഡ് ബാങ്കിനും മികച്ച സേവനം കാഴ്ചവച്ച സ്റ്റാഫിനും, വിവിധ മേഖലകളില്‍ ക്യാമ്പിന് നേതൃത്വം നല്‍കിയ ആശുപത്രികള്‍ക്കും കേളിയുടെ മെമോന്റോ വിതരണം ചെയ്തു. റിയാദ് സിറ്റിയില്‍ നിന്നും മാറി വിദൂര ദേശങ്ങളിലും രക്തദാനം നടത്താന്‍ തുടക്കം കുറിച്ച കേളിക്ക് റീജനല്‍ ഡയറക്ടര്‍ പ്രത്യേകം അഭിനന്ദനം അറിയിച്ചു. ചടങ്ങിന് സംഘാടക സമിതി ആക്ടിംഗ് കണ്‍വീനര്‍ നാസര്‍ പൊന്നാനി നന്ദി പറഞ്ഞു.