Saudi Arabia
സഊദിയും ജപ്പാനും ഭക്ഷ്യ, മരുന്ന് ബന്ധം ശക്തിപ്പെടുത്തുന്നു
സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി സി ഇ ഒ. ഹിഷാം എസ് അല്‍ജാദിയും ജപ്പാന്‍ ഫുഡ് സേഫ്റ്റി കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഷിഗെകി യമമോട്ടോയും തമ്മില്‍ ജപ്പാനിലാണ് കൂടിക്കാഴ്ച നടന്നത്.

റിയാദ്/ടോക്കിയോ | ഭക്ഷണം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മികച്ച രീതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയും ജപ്പാനിലെ ഫുഡ് സേഫ്റ്റി കമ്മീഷനും ധാരണയിലെത്തി. സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി സി ഇ ഒ. ഹിഷാം എസ് അല്‍ജാദിയും ജപ്പാന്‍ ഫുഡ് സേഫ്റ്റി കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഷിഗെകി യമമോട്ടോയും തമ്മില്‍ ജപ്പാനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ധാരണയായത്. ജപ്പാനിലെ സഊദി അംബാസഡര്‍ ഗാസി ബിന്‍ ഫൈസല്‍ ബിന്‍ സഖറും യോഗത്തില്‍ പങ്കെടുത്തു.
സഹകരണ സംവിധാനങ്ങള്‍, ജപ്പാന്‍ ഫുഡ് സേഫ്റ്റി കമ്മീഷന്റെ പ്രവര്‍ത്തന മാതൃക, ഭക്ഷ്യമേഖല നേരിടുന്ന ആഗോള വെല്ലുവിളികള്‍, അപകടസാധ്യത വിലയിരുത്തുന്നതിനുള്ള മികച്ച നിയന്ത്രണ രീതികള്‍, നിയന്ത്രണ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി ഗവേഷണത്തിനും ശാസ്ത്രീയ സഹകരണത്തിനുമുള്ള വഴികള്‍ തുടങ്ങിയവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
ടോക്കിയോയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ഡിവൈസ് റെഗുലേറ്റേഴ്സ് ഫോറത്തിന്റെ 27-ാമത് മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലും സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി പ്രതിനിധി സംഘം പങ്കെടുക്കുന്നുണ്ട്.