Connect with us

International

സഊദിയും ജപ്പാനും സഹകരണ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും; തന്ത്രപരമായ കരാറില്‍ ഒപ്പിട്ടു

തന്ത്രപരമായ പങ്കാളിത്ത കൗണ്‍സില്‍ സ്ഥാപിക്കുന്നതിനും നയതന്ത്ര, പ്രത്യേക പാസ്പോര്‍ട്ടുകള്‍ ഉള്ളവരെ ഹ്രസ്വകാല സന്ദര്‍ശന വിസകളില്‍ നിന്ന് ഒഴിവാക്കുന്നതിനുമുള്ള രണ്ട് പ്രത്യേക കരാറുകളില്‍ സഊദി, ജപ്പാന്‍ വിദേശകാര്യ മന്ത്രിമാര്‍ ഒപ്പ് വെച്ചു.

Published

|

Last Updated

റിയാദ്/ടോക്കിയോ | സഊദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്റെ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സഊദിയും ജപ്പാനും തന്ത്രപരമായ പങ്കാളിത്ത കൗണ്‍സിലിനു കീഴില്‍ സഹകരണ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ധാരണയായി. തന്ത്രപരമായ പങ്കാളിത്ത കൗണ്‍സില്‍ സ്ഥാപിക്കുന്നതിനും നയതന്ത്ര, പ്രത്യേക പാസ്പോര്‍ട്ടുകള്‍ ഉള്ളവരെ ഹ്രസ്വകാല സന്ദര്‍ശന വിസകളില്‍ നിന്ന് ഒഴിവാക്കുന്നതിനുമുള്ള രണ്ട് പ്രത്യേക കരാറുകളില്‍ സഊദി, ജപ്പാന്‍ വിദേശകാര്യ മന്ത്രിമാര്‍ ഒപ്പ് വെച്ചു.

ഇരുനേതാക്കളും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ സഊദി അറേബ്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70 വര്‍ഷം പിന്നിടുന്നത് നിലവിലുള്ള പങ്കാളിത്തത്തിന്റെ തെളിവാണെന്ന് സഊദി വിദേശകാര്യ മന്ത്രി പറഞ്ഞു. പുതുതായി ആരംഭിച്ച തന്ത്രപരമായ പങ്കാളിത്ത കൗണ്‍സിലിനു കീഴില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. തന്ത്രപരമായ സംഭാഷണം വ്യക്തമായ ഫലങ്ങള്‍ നല്‍കും. പൊതു താത്പര്യങ്ങള്‍ കെട്ടിപ്പടുക്കുന്നത് സുരക്ഷയുടെയും സ്ഥിരതയുടെയും നിലവാരം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജപ്പാനിലേക്ക് സ്ഥിരതയുള്ള അസംസ്‌കൃത എണ്ണ വിതരണത്തിന്റെ പ്രതിജ്ഞാബദ്ധത തുടരും. ശുദ്ധമായ ഊര്‍ജം, നിര്‍ണായക ധാതുക്കള്‍ തുടങ്ങി മറ്റ് മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ പുരോഗമിക്കും. ടൂറിസം, സംസ്‌കാരം, കായികം, വിനോദം തുടങ്ങിയ മേഖലകളിലെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും.

ഇരു രാജ്യങ്ങളും തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനും മിഡില്‍ ഈസ്റ്റ് മേഖലയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാനും ആഗ്രഹിക്കുന്നുവെന്ന് ജപ്പാന്‍ വിദേശ കാര്യ മന്ത്രി പറഞ്ഞു.

ദീര്‍ഘകാലമായി സ്ഥിരതയുള്ള അസംസ്‌കൃത എണ്ണ വിതരണ വിപണിക്ക് നേതൃത്വം നല്‍കുന്നതില്‍ സഊദി അറേബ്യയുടെ പങ്ക് തുടര്‍ച്ചയായ പ്രതീക്ഷകള്‍ നല്‍കുന്നു. 2023 ജൂലൈയില്‍ ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ അംഗീകരിച്ച ‘ലൈറ്റ്ഹൗസ് ഇനിഷ്യേറ്റീവ്’ പ്രകാരം ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടപ്പിലാക്കുന്ന ശുദ്ധമായ ഊര്‍ജ മേഖലയിലെ സഹകരണത്തിലെ പുരോഗതിയിലും ജപ്പാന്‍ വിദേശകാര്യ മന്ത്രി നന്ദി പ്രകടിപ്പിച്ചു.

 

Latest