Uae
ഗസ്സയുടെ പുനഃനിർമാണത്തിന് സഊദിയും യു എ ഇയും കൈകോർക്കും
ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും സഊദി, യു എ ഇ നേതാക്കൾ ചർച്ച ചെയ്തു.
ദുബൈ| ഗസ്സയുടെ പുനഃനിർമാണത്തിന് സഊദി അറേബ്യയും യു എ ഇയും കൈകോർക്കുന്നു. സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനിൽ നിന്ന് യു എ ഇ പ്രസിഡന്റ‌് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന് ലഭിച്ച ഫോൺ കോൾ സംഭാഷണത്തിൽ ഇക്കാര്യവും ചർച്ച ചെയ്തു. സംഭാഷണത്തിനിടെ, ഇരു നേതാക്കളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ, പ്രത്യേകിച്ച് മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും പുതിയ കാര്യങ്ങൾ അവലോകനം ചെയ്തതായി യു എ ഇ സ്റ്റേറ്റ് ന്യൂസ് ഏജൻസി വാം റിപ്പോർട്ട് ചെയ്തു. ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി ഗസ്സയിൽ പ്രാദേശിക സ്ഥിരത നിലനിർത്തേണ്ടതിന്റെയും ശാശ്വത സമാധാനം മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ
ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും സഊദി, യു എ ഇ നേതാക്കൾ ചർച്ച ചെയ്തു. ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസനവും സമൃദ്ധിയും തുടരുന്നതിനുമുള്ള വഴികൾ പരിശോധിച്ചു. യു എസ് “ഗസ്സ ഏറ്റെടുക്കുമെന്ന്’ അമേരിക്കൻ പ്രസിഡന്റ‌് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. അഞ്ച് അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഒരു മുതിർന്ന ഫലസ്തീൻ ഉദ്യോഗസ്ഥനും ഗസ്സയിൽ നിന്ന് ഫലസ്തീനികളെ കുടിയിറക്കാനുള്ള പദ്ധതികളെ എതിർത്ത് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോക്ക് ഒരു കത്ത് അയച്ചതിന് ശേഷമാണ് ചർച്ച നടന്നത്.
യു എ ഇ, ജോർദാൻ, ഈജിപ്ത്, സഊദി അറേബ്യ, ഖത്വർ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും ഫലസ്തീൻ പ്രസിഡന്റ് ഉപദേഷ്ടാവ് ഹുസൈൻ അൽ ശൈഖുമാണ് കത്തിൽ ഒപ്പിട്ടത്. “ഗസ്സയിൽ പുനർനിർമാണം അവിടത്തെ ജനങ്ങളുമായി നേരിട്ട് ഇടപഴകുന്നതിലൂടെയും പങ്കാളിത്തത്തിലൂടെയുമാണ് നടത്തേണ്ടത്. ഫലസ്തീനികൾ അവരുടെ നാട്ടിൽ താമസിക്കുകയും അത് പുനർനിർമിക്കാൻ സഹായിക്കുകയും ചെയ്യും.’ കത്തിൽ ചൂണ്ടിക്കാട്ടി.