Saudi Arabia
സഊദിയില്‍ ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം
നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ അക്കാര്യം തൊട്ടടുത്തുള്ള കോടതിയെ അറിയിച്ച് സാക്ഷ്യം രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ദമാം | സഊദിയില്‍ ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉമ്മുല്‍-ഖുറാ കലണ്ടര്‍ പ്രകാരം റമസാനിലെ ഇരുപത്തിയൊമ്പതാം തീയതിയായ ശനിയാഴ്ച (ഏപ്രില്‍ 30) വൈകിട്ട് മാസപ്പറിവി നിരീക്ഷിക്കാനാണ് നിര്‍ദേശം. നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ അക്കാര്യം തൊട്ടടുത്തുള്ള കോടതിയെ അറിയിച്ച് സാക്ഷ്യം രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
മാസപ്പിറവി നിരീക്ഷിക്കുന്നതിനായി സഊദിയിലെ തുമൈര്‍, ഹോത്താ സുദൈര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മാസപ്പിറവി നിരീക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കും. മദീന, റിയാദ്, ദഹ്റാന്‍, ഖാസിം, ഹായില്‍, തബൂക്ക്, ഷഖ്റ എന്നിവയുള്‍പ്പെടെ മാസപ്പിറവി നിരീക്ഷിക്കുന്ന മറ്റ് പ്രദേശങ്ങളില്‍ ഏറ്റവും പഴക്കമേറിയ പ്രദേശങ്ങളാണ് ഹോത്താ സുദൈര്‍, തുമൈര്‍, മക്ക എന്നീ നിരീക്ഷണാലയങ്ങള്‍. ഹിജ്‌റ 1436 ല്‍ സ്ഥാപിതമായ തുമൈര്‍ ഒബ്‌സര്‍വേറ്ററിയാണ് ഏറ്റവും പ്രധാനപ്പെട്ട രാജ്യത്തെ നിരീക്ഷണാലയം. സമുദ്രനിരപ്പില്‍ നിന്ന് 680 മീറ്റര്‍ ഉയരത്തിലും ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 80 മീറ്റര്‍ ഉയരത്തിലുമാണ് നിരീക്ഷണാലയം സ്ഥിതി ചെയ്യുന്നത്.