Connect with us

International

സുഡാനിൽ അകപ്പെട്ടവരെ മാറോടണച്ച് സഊദി അറേബ്യ

ആഗോള  ജനതയുടെ കൈയ്യടി നേടി സഊദി അറേബ്യയുടെ രക്ഷാപ്രവർത്തനം

Published

|

Last Updated

ജിദ്ദ | ആഭ്യന്തര യുദ്ധത്തിൽ തകർന്ന സുഡാനിൽ  നിന്ന് ഒഴിപ്പിച്ചവർക്ക് അഭയം നൽകി ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ്  സഊദി അറേബ്യ. സുഡാനിൽ നിന്നെത്തിയ സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്നവർക്ക് ഹൃദ്യമായ വരവേൽപ്പാണ് സഊദി സൈനികർ നൽകുന്നത്. പിഞ്ചുകുഞ്ഞുങ്ങൾക്ക് ചുംബനം നൽകിയും മുതിർന്നവരുടെ  കൈപിടിച്ചും ആശ്വാസ വാക്കുകൾ നൽകിയുമുള്ള സ്വീകരണം ഏവരുടെയും കണ്ണ് നനക്കുന്ന കാഴ്ചയായിരുന്നു. സഹായിക്കാനായി പുരുഷ- വനിതാ സൈനികർ പരസ്പരം മത്സരിക്കുന്ന രംഗങ്ങൾക്കാണ്  ജിദ്ദയിലെ കിംഗ് ഫൈസൽ നേവൽ ബേസ് സാക്ഷിയായത്.

പിഞ്ചു കുഞ്ഞ് തന്റെ മാതാവിന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന രൂപത്തിൽ വനിതാ സൈനികയോട്  ഒട്ടിപ്പിടിച്ച് നിൽക്കുന്ന  ചിത്രങ്ങൾ പ്രതിരോധ മന്ത്രാലയം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. നിമിഷങ്ങൾക്കകം നിരവധി പേരാണ് ലൈക്കുകളും ഷെയറുകളുമായെത്തിയത്. സ്വന്തം മാതാവിനെ പോലെ  ആർദ്രതയോടെയും അനുകമ്പയോടെയും കുട്ടിയെ പരിപാലിച്ച സൈനികരെ സോഷ്യൽ മീഡിയയിൽ പ്രശംസയുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

കനത്ത വെയിലിൽ നിന്നും  പിഞ്ചുകുഞ്ഞിന് വെയിലേൽക്കാതിരിക്കാൻ തന്റെ കൈകൊണ്ട്  കൈകൊണ്ട് മുഖം മറച്ച് വെയിലിൽ നിന്നും തണലേകുന്ന രംഗം ഏറെ ഹൃദയസ്പർശമായ  രംഗങ്ങൾക്കായിരുന്നു സാക്ഷ്യം വഹിച്ചത്.
മനുഷ്യത്വത്തിന്റെയും അനുകമ്പയുടെയും മഹത്തായ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നാണ്‌  നിരവധി പേർ സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ പങ്കുവെച്ചത്. ജിദ്ധയിലെത്തിച്ചേരുന്നവർക്ക് മികച്ച സേവനങ്ങളുമാണ്  സഊദി അറേബ്യ നൽകിവരുന്നത്. പ്രായം ചെന്നവർക്ക് കപ്പലിൽ നിന്ന് ഇറങ്ങുന്നതിനും വീൽ ചെയറുകളിൽ  ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും  പുരുഷ- വനിതാ സൈനികർ സഹായവുമായി രംഗത്തുണ്ട്
യുദ്ധ മുഖത്ത് നിന്ന് രക്ഷപ്പെട്ട് സുരക്ഷിതമായി പുണ്യഭൂമിയിലെത്താൻ കഴിഞ്ഞ സന്തോഷത്തിൽ ചിലർ കരയുകയും മറ്റൊരു യാത്രക്കാരൻ സൈനികരെ ആശ്ലേഷിച്ച് ചുംബിക്കുകയും ചെയ്തു. ഇന്നലെ സുഡാനിൽ നിന്നും സഊദിയുടെ നേതൃത്വത്തിൽ 2,148 പേരെയാണ് ജിദ്ദയിലെത്തിച്ചത്. ഇവരിൽ 114 പേർ സ്വദേശികളും 62 രാജ്യങ്ങളിൽ നിന്നായി 2,034 പേരുമാണുള്ളതെന്ന്  സഊദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സിറാജ് പ്രതിനിധി, ദമാം

Latest