Ongoing News
അഭിമാന നിമിഷത്തില്‍ സഊദി; 'സഊദി ഫലഖ്' ഗവേഷണ ദൗത്യ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
ബഹിരാകാശത്തിലെ നേത്ര സൂക്ഷ്മജീവികളെക്കുറിച്ച് പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ആദ്യത്തെ ഗവേഷണ ദൗത്യമാണിത്.

ദമാം | ബഹിരാകാശത്തിലെ നേത്ര സൂക്ഷ്മജീവിയെക്കുറിച്ച് പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള സഊദിയുടെ ആദ്യത്തെ ഗവേഷണ ദൗത്യമായ ഫലഖ് ഗവേഷണ ദൗത്യ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ചൊവ്വാഴ്ച്ച 01.46ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
1800-കളില്‍ ഭൂമിയുടെ ധ്രുവപ്രദേശങ്ങളില്‍ ആദ്യമായി എത്തിയ ഫ്രാം കപ്പലിന്റെ പേരാണ് ഫ്രാം2 ദൗത്യത്തിന് നല്‍കിയിരിക്കുന്നത്. ബഹിരാകാശ യാത്രികര്‍ക്കുള്ള നേത്രാരോഗ്യ പ്രോട്ടോക്കോളുകള്‍ പുനര്‍നിര്‍വചിക്കുക, ചൊവ്വയിലേക്കുള്ള സാധ്യതയുള്ള ദൗത്യങ്ങള്‍ ഉള്‍പ്പെടെ ദീര്‍ഘകാല ബഹിരാകാശ യാത്രയുടെ ഭാവി രൂപപ്പെടുത്താന്‍ കഴിയുന്ന ശാസ്ത്രീയ കണ്ടെത്തലുകള്‍ സൃഷ്ടിക്കുക എന്നതാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
മൈക്രോഗ്രാവിറ്റി കണ്ണിന്റെ മൈക്രോബയോമിനെ എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്തുന്നതും, പ്രത്യേകിച്ച് ബാക്ടീരിയയുടെ സ്വഭാവം, ആന്റിബയോട്ടിക് പ്രതിരോധം, ബയോഫിലിം രൂപവത്കരണം തുടങ്ങിയവ ദൗത്യത്തിന്റെ പഠന മേഖലയില്‍ ഉള്‍പ്പെടും.
മുഹമ്മദ് ബിന്‍ സല്‍മാന്‍ ചാരിറ്റിബിള്‍ ഫൗണ്ടേഷന്റെ പിന്തുണയുള്ള ഫലക് സ്പേസ് സയന്‍സ് ആന്‍ഡ് റിസര്‍ച്ചാണ് വിക്ഷേപണം നടത്തിയത്. ദൗത്യം വിജയകരമായി പൂര്‍ത്തിയാകുന്നതോടെ ദീര്‍ഘകാലമായി തുടരുന്ന ഗവേഷണങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. സഊദി അറേബ്യയുടെ ഉയര്‍ന്നുവരുന്ന ബഹിരാകാശ മേഖലയ്ക്ക് ഒരു പ്രധാന നാഴികക്കല്ലാകുമെന്നും ബഹിരാകാശ ശാസ്ത്രത്തില്‍ വൈദഗ്ധ്യം നേടിയ ആദ്യത്തെ അറബ് സമൂഹമായി മാറിയതില്‍ അഭിമാനിക്കുന്നുവെന്നും ഫലാഖിന്റെ സി ഇ ഒ. ഡോ. അയ്യൂബ് അല്‍-സുബൈഹി പറഞ്ഞു.
ബഹിരാകാശത്ത് കണ്ണ് മൈക്രോബയോമിനെക്കുറിച്ച് പഠിക്കുന്നത് വളര്‍ന്നുവരുന്ന ഒരു ഗവേഷണ മേഖല കൂടിയാണ്. ഭൂമിയുടെ പരിസ്ഥിതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബഹിരാകാശത്ത് കണ്ണിലെ സൂക്ഷ്മജീവിയുടെ വളര്‍ച്ചാ നിരക്ക് വിശകലനം ചെയ്യുക, മൈക്രോഗ്രാവിറ്റിയുടെ സ്വാധീനം മൂലമുണ്ടാകുന്ന ജനിതക, പ്രോട്ടിയോമിക് മാറ്റങ്ങള്‍ പരിശോധിക്കുക, ബഹിരാകാശത്ത് അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ബയോഫിലിമുകള്‍ രൂപപ്പെടുത്താനുള്ള സൂക്ഷ്മാണുക്കളുടെ കഴിവ് വിലയിരുത്തുക എന്നിവയാണ് പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യത്തെ അറബ് രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള ബഹിരാകാശ ഗവേഷണ ദൗത്യമാണിത്. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടുനില്‍ക്കുന്ന ദൗത്യത്തില്‍ ബഹിരാകാശത്ത് ആദ്യമായി എക്‌സ്-റേ ഫോട്ടോഗ്രാഫി, മൈക്രോഗ്രാവിറ്റിയില്‍ കൂണ്‍ കൃഷി എന്നിവയുള്‍പ്പെടെ 20 ലധികം ശാസ്ത്രീയ പരീക്ഷണങ്ങള്‍ സംഘം നടത്തും. ഭാവിയിലെ ദൗത്യങ്ങള്‍ക്കും ബഹിരാകാശ ഗവേഷണത്തിലെ പുരോഗതിക്കും ഈ പഠനങ്ങള്‍ക്ക് ഗണ്യമായ സംഭാവന നല്‍കാന്‍ കഴിയും.
മിഷന്‍ കമാന്‍ഡറും ക്രിപ്‌റ്റോ സംരംഭകനുമായ ചോന്‍ വാങ്, നോര്‍വീജിയന്‍ ചലച്ചിത്ര സംവിധായകന്‍ ജാനിക്കി മിക്കല്‍സെന്‍, ആസ്ത്രേലിയന്‍ ധ്രുവ പര്യവേക്ഷകയായ എറിക് ഫിലിപ്സ്, ജര്‍മന്‍ റോബോട്ടിക്സ് ഗവേഷകയായ റാബിയ റൂഗ് എന്നിവരാണ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ചരിത്ര ദൗത്യത്തിലേക്ക് പറന്നുയര്‍ന്നത്.