booster dose
ബൂസ്റ്റര്‍ വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി സഊദി അറേബ്യ
49 ദശലക്ഷം ഡോസുകളാണ് ഇതുവരെ നല്‍കിയത്
റിയാദ് | കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ആഗോള വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സഊദി അറേബ്യയില്‍ വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ മന്ത്രാലയം. പ്രതിരോധ വാക്സീന്‍ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ മൂന്നാം ഡോസായ ബൂസ്റ്റര്‍ സ്വീകരിക്കിക്കുന്നതിനായി മന്ത്രാലയത്തിന്റെ ‘സൈഹാത്തി’ ആപ്പ് വഴി അപോയിന്റ്മെന്റുകള്‍ എടുക്കാം.
സഊദി അറേബ്യയില്‍ വാക്സീനേഷന്‍ ആരംഭിച്ചത് മുതല്‍ ആകെ വാക്‌സിനേഷന്‍ ഡോസുകളുടെ എണ്ണം 49 ദശലക്ഷം കവിഞ്ഞതായി മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 24.9 ദശലക്ഷം ഡോസുകളും രണ്ടാം ഘട്ടത്തില്‍ 23 ദശലക്ഷം ഡോസുകളും മൂന്നാം ഘട്ടത്തില്‍ മൂന്നാം ഡോസായ ബൂസ്റ്റര്‍ 1.18 ദശലക്ഷവുമാണ് ഇതുവരെ നല്‍കിയത്. രണ്ടാം ഡോസ് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനായി രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 587-ലധികം വാക്‌സിനേഷന്‍ സെന്ററുകളാണ് പ്രവര്‍ത്തിച്ച് വരുന്നത്.
അഞ്ച് വയസിനും 11 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള ഫൈസര്‍ വാക്‌സിന്‍ നടപടിക ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. കുട്ടികള്‍ക്കുള്ള ഡോസ് മുതിര്‍ന്നവരുടെ ഡോസിന്റെ പകുതിയായിരിക്കും നല്‍കുക. ഡോസുകള്‍ രണ്ട് ഘട്ടങ്ങളായാണ് നല്‍കപ്പെടുകയെന്ന് ആരോഗ്യ ഉപമന്ത്രി ഡോ. അബ്ദുല്ല അസീരി അറിയിച്ചു. വാക്സീന്‍ എടുത്ത കുട്ടികളില്‍ രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2022 ഫെബ്രുവരി ഒന്ന് മുതല്‍ തവക്കല്‍നായിലുള്ള ഇമ്യൂണ്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും വാണിജ്യ, സാംസ്‌കാരിക, ശാസ്ത്ര, വിനോദ, കായിക പരിപാടികളില്‍ പങ്കെടുക്കുന്നതിനും, വിമാന യാത്രകള്‍ക്കും പ്രവേശന അനുമതി ഉണ്ടായിരിക്കുക. വാക്സീനിലെ ബൂസ്റ്റര്‍ ഡോസിന് ഓമിക്രോണിനെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ) സി ഇ ഒ ഡോ. അബ്ദുല്ല അല്‍ ഖുവാസാനി പറഞ്ഞു.