Connect with us

Saudi Arabia

സഊദി അറേബ്യ ലാന്‍ഡ്ബ്രിഡ്ജ് റെയില്‍വേ നെറ്റ്‌വര്‍ക്ക് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായി ടെന്‍ഡറുകള്‍ ക്ഷണിച്ചു

മേഖലയിലെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണിത്. 700 കോടി ഡോളറാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്.

Published

|

Last Updated

ദമാം | സഊദി അറേബ്യയിലെ ഏറ്റവും വലിയ അടിസ്ഥാന വികസന പദ്ധതിയായ സഊദി ലാന്‍ഡ്ബ്രിഡ്ജ് 1,500 കിലോമീറ്ററിലധികം പുതിയ ട്രാക്കുകള്‍ ഉള്‍പ്പെടുന്നതും 700 കോടി ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്നതുമായ ലാന്‍ഡ് ബ്രിഡ്ജ് രൂപകല്‍പ്പന ചെയ്യുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു.

സഊദി അറേബ്യയുടെ റെയില്‍വേ ശൃംഖല വിപുലീകരണ പദ്ധതിയുടെ ഭാഗമാണ് സഊദി ലാന്‍ഡ്ബ്രിഡ്ജ്. മേഖലയിലെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണിത്. 700 കോടി ഡോളറാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്. റിയാദിനും ജിദ്ദയ്ക്കും ഇടയില്‍ 950 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ റെയില്‍വേ പാതയുടെ നിര്‍മാണവും ദമാമിനും ജുബൈലിനും ഇടയില്‍ 115 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മറ്റൊരു പാതയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

സഊദി അറേബ്യയില്‍ ആസൂത്രണം ചെയ്തിട്ടുള്ള ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ ഒന്നാണ് സഊദി ലാന്‍ഡ്ബ്രിഡ്ജ്. ഏഴ് ലോജിസ്റ്റിക് കേന്ദങ്ങളും,ആറ് പ്രോജക്റ്റ് ലൈനുകളുമാണ് പദ്ധതിയിലുള്ളത്.

ആറ് പ്രോജക്റ്റ് ലൈനുകള്‍
ആദ്യ ലൈനില്‍ നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയുടെ അകത്തുള്ള നിര്‍മാണ പ്രവൃത്തികളും ട്രാക്കിന്റെ നവീകരണവും ഉള്‍പ്പെടുന്നു. രണ്ടാമത്തെ പാതയില്‍ ജുബൈല്‍-ദമാം റെയില്‍വേ ലൈന്‍ പാത നവീകരണം 35 കിലോമീറ്റര്‍ ട്രാക്ക് നിര്‍മാണം, മൂന്നാമത്തെ പാതയില്‍ ദമാം-റിയാദ് റെയില്‍വേ ലൈന്‍ നവീകരിക്കുന്നതോടപ്പം 87 കിലോമീറ്റര്‍ ട്രാക്ക് നിര്‍മാണവും ഉള്‍പ്പെടും. റിയാദ് റോഡ് എന്നറിയപ്പെടുന്ന നാലാമത്തെ പാതയില്‍ രണ്ട് പാക്കേജുകളായാണ് തിരിച്ചിരിക്കുന്നത്. ആദ്യത്തെ റെയില്‍ ട്രാക്കിന് 67 കിലോമീറ്റര്‍ നീളവും രണ്ടാമത്തേതിന് 35 കിലോമീറ്റര്‍ നീളവുമുണ്ടായിരിക്കും

അഞ്ചാമത്തെ പാത റിയാദില്‍ നിന്ന് ജിദ്ദയിലേക്കും പിന്നീട് കിംഗ് അബ്ദുല്ല തുറമുഖത്തേക്കുമുള്ളതാണ്. ഇതിന് ജുമാ, മുയ, അദ്-ദവാദ്മി എന്നിവിടങ്ങളിലായി മൂന്ന് സ്റ്റേഷനുകളുണ്ടാകും. റിയാദ്-ജിദ്ദ പാതയുടെ നീളം 920 കിലോമീറ്ററും ജിദ്ദ-കിംഗ് അബ്ദുല്ല തുറമുഖ പാതയുടെ നീളം 146 കിലോമീറ്ററുമാണ്. ആറാമത്തെ പാത കിംഗ് അബ്ദുല്ല തുറമുഖം മുതല്‍ വ്യാവസായിക നഗരമായ യാന്‍ബു വരെയുള്ള 172 കിലോമീറ്റര്‍ നീളമുള്ളതാണ്.

ഏഴ് ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങള്‍
ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി ലോജിസ്റ്റിക്‌സ് സെന്റര്‍, ദമാം ഡ്രൈ ലോജിസ്റ്റിക്‌സ് പോര്‍ട്ട്, റിയാദ് ഡ്രൈ പോര്‍ട്ട് ട്രാന്‍സ്ഫര്‍, റിയാദിലെ കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് ലോജിസ്റ്റിക്‌സ് സെന്റര്‍, ജിദ്ദ ഡ്രൈ ലോജിസ്റ്റിക്‌സ് പോര്‍ട്ട്, കിംഗ് അബ്ദുല്ല പോര്‍ട്ട് ലോജിസ്റ്റിക്‌സ് സെന്റര്‍, യാന്‍ബു ഇന്‍ഡസ്ട്രിയല്‍ സിറ്റി ലോജിസ്റ്റിക്‌സ് സെന്റര്‍ തുടങ്ങിയ ഏഴ് ലോജിസ്റ്റിക്‌സ് സെന്ററുകളും ഉണ്ടായിരിക്കും.

2024-ല്‍ സഊദി റെയില്‍വേയിലൂടെ 13 ദശലക്ഷത്തിലധികം പേരാണ് യാത്രചെയ്തത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 22 ശതമാനം വര്‍ധന രേഖപ്പെടുത്തി. ചരക്ക് നീക്കത്തിലും ഗണ്യമായ വളര്‍ച്ചയുണ്ടായി. 28 ദശലക്ഷം ടണ്ണിലധികം ചരക്കുകളാണ് കൈകാര്യം ചെയ്തത്. ഗുണനിലവാരത്തിലും സുരക്ഷാ മേഖലയിലും ഉയര്‍ന്ന പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ സഊദി റെയില്‍വേ ആറ് അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷനുകള്‍ ഇതിനകം നേടിയിട്ടുണ്ട്.

 

 

 

 

സിറാജ് പ്രതിനിധി, ദമാം

Latest