Saudi Arabia
വ്യോമയാനമേഖലയിൽ കുതിപ്പിനൊരുങ്ങി സഊദി; വിമാന അറ്റകുറ്റപ്പണികൾകുള്ള ലൈസൻസുകൾ അനുവദിച്ചു
പുതുതായി അവതരിപ്പിച്ച വ്യാവസായിക ലൈസന്‍സിംഗ് പ്രവര്‍ത്തനങ്ങള്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് എന്നിവയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുക.

ജിദ്ദ | വ്യോമയാന മേഖലയില്‍ കുതിപ്പിനൊരുങ്ങി സഊദി അറേബ്യ. വിമാന അറ്റകുറ്റപ്പണികള്‍കുള്ള ലൈസന്‍സുകള്‍ അനുവദിച്ചു. മിഡില്‍ ഈസ്റ്റ് പ്രൊപ്പല്‍ഷന്‍ കമ്പനിയും സഊദിയ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ സഊദിയ ടെക്നിക്കുമാണ് ആദ്യ വിമാന അറ്റകുറ്റപ്പണിക്കായുള്ള വ്യാവസായിക ലൈസന്‍സുകള്‍ നേടിയത്.
നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ എയ്റോസ്പേസ് കണക്ട് ഫോറത്തിലാണ് സഊദി,വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദര്‍ അല്‍ഖൊറൈഫ് രാജ്യത്തെ ആദ്യ വിമാന അറ്റകുറ്റപ്പണിക്കായുള്ള വ്യാവസായിക ലൈസന്‍സുകള്‍ അനുവദിച്ചത്.
സഊദിയുടെ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ന്റെയും ദേശീയ വ്യാവസായിക വികസനങ്ങളുടെയും ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി രാജ്യം സ്വയംപര്യാപ്തവും ആഗോളതലത്തില്‍ മത്സരാധിഷ്ഠിതവുമായ ഒരു വ്യോമയാന വ്യവസായം സ്ഥാപിക്കാനുള്ള സഊദിയുടെ ഒരു സുപ്രധാന നാഴികക്കല്ലാണ് പുതിയ കേന്ദ്രം.
പുതുതായി അവതരിപ്പിച്ച വ്യാവസായിക ലൈസന്‍സിംഗ് പ്രവര്‍ത്തനങ്ങള്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് എന്നിവയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുക.
വിമാന അറ്റകുറ്റപ്പണികള്‍, ഘടക നവീകരണം, ഏവിയോണിക്‌സ് സിസ്റ്റം അറ്റകുറ്റപ്പണികള്‍, ഇലക്ട്രോണിക് സംവിധാനങ്ങളുടെ കാലിബ്രേഷന്‍, സൈനിക, വാണിജ്യ വിമാനങ്ങളുടെ സര്‍വീസിംഗ് എന്നിവയുള്‍പ്പെടെ വിവിധ വ്യോമയാന സേവനങ്ങളുടെ ലൈസന്‍സാണ് അനുവദിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ വിമാനങ്ങളുടെ അറ്റകുറ്റപ്പണി സൗകര്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും പ്രാദേശികവല്‍ക്കരണ ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും എയ്റോസ്പേസ് നിര്‍മ്മാണ-സേവന നിക്ഷേപവുമാണ് ലക്ഷ്യമിടുന്നത്.