International
സിറിയ ലോക ബേങ്ക് ഗ്രൂപ്പിന് നല്‍കാനുള്ള 15 മില്യണ്‍ ഡോളറിന്റെ കുടിശ്ശിക സഊദിയും ഖത്വറും ചേര്‍ന്ന് നല്‍കും
ആഗോള സമ്പദ്വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ പുനഃപ്രവേശനത്തിലെ ഒരു പ്രധാന ചുവടുവയ്പ്പായാണ് അറബ് മാധ്യമങ്ങള്‍ ഇരുരാജ്യങ്ങളുടെയും പിന്തുണയെ വിശേഷിപ്പിച്ചത്.

ദോഹ | 14 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധാനന്തരം തകര്‍ന്ന സിറിയന്‍ സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുക്കല്‍ പ്രക്രിയയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, സിറിയ ലോക ബേങ്ക് ഗ്രൂപ്പിന് നല്‍കാനുള്ള 15 മില്യണ്‍ ഡോളറിന്റെ കുടിശ്ശിക നല്‍കുമെന്ന് സഊദി അറേബ്യയും ഖത്തറും സംയുക്തമായി പ്രഖ്യാപിച്ചു.
ആഗോള സമ്പദ്വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ പുനഃപ്രവേശനത്തിലെ ഒരു പ്രധാന ചുവടുവയ്പ്പായാണ് അറബ് മാധ്യമങ്ങള്‍ ഇരുരാജ്യങ്ങളുടെയും പിന്തുണയെ വിശേഷിപ്പിച്ചത്. ലോക ബേങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും 2025 ലെ വസന്തകാല യോഗങ്ങള്‍ക്കിടെ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും സിറിയന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും നിലവിലെ ദുഷ്‌കരമായ സാഹചര്യങ്ങള്‍ മറികടക്കാന്‍ സഹായം നല്‍കുന്നതിനും സിറിയയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അന്താരാഷ്ട്ര ഉപരോധങ്ങള്‍ പിന്‍വലിക്കാനും 15 മില്യണ്‍ ഡോളര്‍ തിരിച്ചടവിലൂടെ സാധ്യമാക്കാന്‍ കഴിയും
വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടന്ന യോഗത്തിലാണ് പുതിയ സഹായധന പ്രഖ്യാപനം നടന്നത്. ഉന്നതതല സിറിയന്‍ പ്രതിനിധി സംഘം, ജി 7, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. സിറിയയുടെ പ്രതിനിധി സംഘം ലോക ബേങ്ക് പ്രസിഡന്റ് അജയ് ബംഗ, ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ എന്നിവര്‍ സിറിയയുടെ സ്ഥാപന ശേഷി പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പിന്തുണ സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര സാമ്പത്തിക മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതിനും സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനും സിറിയയുടെ ധനകാര്യ സ്ഥാപനങ്ങളെ പരിഷ്‌കരിക്കുന്നതിന് ഗൗരവമായ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നും സിറിയന്‍ സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍ അബ്ദുള്‍ ഖാദിര്‍ ഹൊസ്രി പറഞ്ഞു. സഊദി അറേബ്യയും ഖത്തറും സംയുക്തമായി എടുത്ത തീരുമാനം സിറിയയുടെ സാമ്പത്തിക വീണ്ടെടുക്കലിനുള്ള നിര്‍ണായക നടപടിയായാണ് കണക്കാക്കുന്നത്. യോഗത്തില്‍ സിറിയയിലേക്കുള്ള ദൗത്യത്തിന് നേതൃത്വം നല്‍കാന്‍ ഐഎംഎഫിന്റെ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനായ റോണ്‍ വാന്‍ റൂഡനെ നിയമിക്കുകയും ചെയ്തു
ആഭ്യന്തരയുദ്ധത്തിന്റെ ഫലമായി 800 ബില്യണ്‍ ഡോളറിലധികം സാമ്പത്തിക നഷ്ടവും രാജ്യത്തിന്റെ ജിഡിപിയില്‍ 85 ശതമാനത്തിലധികം കുറവുമാണ് രേഖപ്പെടുത്തിയത്. 2024 ഡിസംബര്‍ 8-ന് ബാഷര്‍ അല്‍-അസദിനെ പുറത്താക്കിയതിന് തൊട്ടുപിന്നാലെ ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ തേടി പ്രസിഡന്റ് അഹമ്മദ് അല്‍-ഷാറയും വിദേശകാര്യ മന്ത്രി അസദ് അല്‍-ഷൈബാനിയും സൗദി അറേബ്യ , യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സഊദി സന്ദര്‍ശവേളയില്‍,സിറിയയുടെ ഭാവിയില്‍ സഊദി അറേബ്യ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഷാറ വ്യക്തമാക്കിയിരുന്നു