Saudi Arabia
ഈത്തപ്പഴ കയറ്റുമതിയിൽ സഊദി ഒന്നാംസ്ഥാനത്ത്
2024-ൽ ഈത്തപ്പഴ കയറ്റുമതി 1.695 ബില്യൺ റിയാലിലെത്തി

ദമാം| സഊദിയുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന വിഭവമായ ഈത്തപ്പഴ ഉല്‍പ്പാദനത്തിൽ സഊദി ഒന്നാംസ്ഥാനത്ത്.ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ പുറത്ത് വിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം രാജ്യത്തെ ഈത്തപ്പഴ ഉൽപാദനത്തിന്റെ അളവ് 1.9 ദശലക്ഷം ടൺ കവിഞ്ഞു. ഈത്തപ്പഴ മേഖലയിലെ രാജ്യത്തിന്റെ ഉയർന്ന ഉൽപാദന ശേഷിയെ പ്രതിഫലിപ്പിക്കുന്നതായും 2024-ൽ സൗദി അറേബ്യയുടെ ഈത്തപ്പഴ കയറ്റുമതി 1.695 ബില്യൺ റിയാലിലെത്തിയതായി സഊദി നാഷണൽ സെന്റർ ഫോർ പാം ആന്റ് ഡേറ്റ്‌സ് അറിയിച്ചു.
ആഗോള വിപണികളിൽ സൗദി ഈത്തപ്പഴം ശ്രദ്ധേയമായ വികാസമാണ് കൈവരിച്ചത്. ലോകമെമ്പാടുമുള്ള 133 രാജ്യങ്ങളിലേക്ക് അവയുടെ കയറ്റുമതിയും ചെയ്തു. 2023 നെ അപേക്ഷിച്ച് 2024-ൽ 15.9 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. സഊദി ഈത്തപ്പഴത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും ആഗോള വിപണന വ്യാപ്തി വർദ്ധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളാണ് ഈ വളർച്ചയ്ക്ക് കാരണം.ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിലും വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്നതിലും ഈത്തപ്പഴ മേഖലയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെയാണ് വ്യക്തമാക്കുന്നത്.
2016 മുതൽ, ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യം 192.5 ശതമാനം വർദ്ധിച്ചു.ഇതോടെ അന്താരാഷ്ട്ര വിപണികളിൽ ഈത്തപ്പഴത്തിന്റെ പ്രധാന കയറ്റുമതി രാജ്യം എന്ന നിലയിൽ സഊദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കുന്നതാണ് തുടർച്ചയായ വിജയത്തിൽ നിന്നും പ്രതിഫലിക്കുന്നത്. സഊദി പരിവർത്തന പദ്ധതിയായ വിഷൻ-2030 പദ്ധതിയിലൂടെ എണ്ണ ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്കാണ് ഈത്തപ്പഴ കയറ്റുമതിയിലൂടെ ലഭിച്ചിരിക്കുന്നത്.