Ongoing News
ഗസ്സയിലേക്കുള്ള സഹായ വിതരണം വെടിനിര്‍ത്തലുമായി ബന്ധപ്പെടുത്താന്‍ കഴിയില്ലെന്ന് സഊദി
ഗസ്സയിലേക്കുള്ള സഹായ വിതരണങ്ങള്‍ അനുവദിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്‌റാഈല്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം.

റിയാദ് | ഗസ്സയിലേക്കുള്ള സഹായ വിതരണത്തെ വെടിനിര്‍ത്തലുമായി ബന്ധിപ്പെടുത്താന്‍ കഴിയില്ലെന്ന് സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. ഗസ്സ വെടിനിര്‍ത്തലിനെക്കുറിച്ചുള്ള അറബ്-ഇസ്‌ലാമിക് മന്ത്രിതല സമിതിയുടെ യോഗത്തിനു ശേഷം അന്റാലിയയില്‍ നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഗസ്സയിലേക്കുള്ള സഹായ വിതരണങ്ങള്‍ അനുവദിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്‌റാഈല്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും ഫലസ്തീനികളുടെ കുടിയിറക്കലിനെ പൂര്‍ണമായും നിരസിക്കുന്നുവെന്നും വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഈജിപ്തിന്റെയും ഖത്വറിന്റെയും ശ്രമങ്ങളെ രാജ്യം വിലമതിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കുടിയേറ്റ വികസനം, ഫലസ്തീനികളുടെ വീടുകള്‍ പൊളിച്ചുമാറ്റല്‍, ഭൂമി പിടിച്ചെടുക്കല്‍ എന്നിവയുള്‍പ്പെടെ വെസ്റ്റ് ബേങ്കില്‍ ഇസ്‌റാഈല്‍ നടത്തുന്ന അന്താരാഷ്ട്ര നിയമ ലംഘനങ്ങളെയും മന്ത്രി അപലപിച്ചു.