Saudi Arabia
അന്താരാഷ്ട്ര നീതിന്യായ കോടതി പ്രമേയം: സഊദി അറേബ്യ സ്വാഗതം ചെയ്തു
137 രാജ്യങ്ങളാണ് വോട്ടിങ്ങിൽ അനുകൂലിച്ചത്
റിയാദ് | ഇസ്‌റാഈലിന്റെ ബാധ്യതകളെക്കുറിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്ന് ഉപദേശക അഭിപ്രായം ആവശ്യപ്പെടുന്ന യുഎന്‍ ജനറല്‍ അസംബ്ലിയുടെ പ്രമേയം അംഗീകരിച്ചതിനെ സഊദി അറേബ്യ സ്വാഗതം ചെയ്തു.
വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രമേയം അവരുടെ സ്വയം നിര്‍ണ്ണയാവകാശത്തിനും ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സമവായത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും പ്രമേയം അംഗീകരിച്ചതിനെ കാബിനറ്റ് സ്വാഗതം ചെയ്യുന്നതായി മന്ത്രിസഭാ സമ്മേളന സെഷനുശേഷം സഊദി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ മാധ്യമകാര്യ മന്ത്രി സല്‍മാന്‍ അല്‍ ദോസരി പറഞ്ഞു.
ഫലസ്തീനിലെ സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കുന്നതിനാവശ്യമായ മാനുഷിക സഹായവും അടിസ്ഥാന സേവനങ്ങളും നല്‍കുന്നതില്‍ യുഎന്‍, അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഉറപ്പാക്കാനും സുഗമമാക്കാനും ജനറല്‍ അസംബ്ലിയുടെ പ്രമേയം അംഗീകരിച്ചതോടെ വഴിതുറക്കും.
യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയത്തെ 137 രാജ്യങ്ങള്‍ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 12 രാജ്യങ്ങള്‍ എതിര്‍ക്കുകയും 22 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍കുകയും ചെയ്തു