Saudi Arabia
താജിക്-കിർഗിസ്-ഉസ്ബെക്ക് അതിർത്തി ഉടമ്പടിയെ സഊദി അറേബ്യ സ്വാഗതം ചെയ്തു
ത്രിരാഷ്ട്ര ജംഗ്ഷന്‍ പോയിന്റ് നിര്‍വചിക്കുന്നതിനുള്ള ചര്‍ച്ചകള്‍ 2007 ലാണ് ആരംഭിച്ചത്.

റിയാദ് | കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കമുള്ളതും രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകള്‍ക്ക് കാരണമായതുമായ ഫെര്‍ഗാന താഴ്വര അതിര്‍ത്തി കരാറിനെ സഊദി അറേബ്യ ചൊവ്വാഴ്ച സ്വാഗതം ചെയ്തു.
മൂന്ന് രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാരായ താജിക്കിസ്ഥാനിലെ ഇമോമാലി റഖ്മോണും ഉസ്‌ബെക്കിസ്ഥാനിലെ ഷാവ്കത്ത് മിര്‍സിയോയേവും കിര്‍ഗിസ്ഥാനിലെ സാദിര്‍ ജപറോവുമാണ്
അതിര്‍ത്തി കരാരില്‍ ഒപ്പ് വെച്ചത്.ഇതോടെ ഫെര്‍ഗാന പര്‍വത താഴ്വരയില്‍ മൂന്ന് രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ കൂടിച്ചേരുന്ന സ്ഥലം ഔപചാരികമായി പ്രഖ്യാപിച്ചു.
നിത്യ സൗഹൃദ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചതിന് മൂന്ന് മധ്യേഷ്യന്‍ രാജ്യങ്ങളേയും സഊദി അറേബ്യ അഭിനന്ദിച്ചു.’സുസ്ഥിരതയും സമൃദ്ധിയും’ ആശംസിക്കുന്നതായി സഊദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതിനുശേഷം ആരംഭിച്ച വര്‍ഷങ്ങളായി തുടരുന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍ ഇടയ്ക്കിടെയുള്ള സംഘര്‍ഷങ്ങള്‍ക്കും നയതന്ത്ര വിള്ളലുകള്‍ക്കും കാരണമായിരുന്നു.
ത്രിരാഷ്ട്ര ജംഗ്ഷന്‍ പോയിന്റ് നിര്‍വചിക്കുന്നതിനുള്ള ചര്‍ച്ചകള്‍ 2007 ലാണ് ആരംഭിച്ചത്. 2024 ഡിസംബര്‍ 25 ന് സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന ഒരു ഉന്നതതല യോഗം വഴിത്തിരിവിലേക്ക് നയിച്ചു. തുടര്‍ന്ന് അന്തിമരൂപം നല്‍കുന്നതിനായി 2025 ജനുവരി 8 ന് മൂന്ന് രാജ്യങ്ങളുടെയും പ്രതിനിധികള്‍ നിര്‍ദ്ദിഷ്ട അതിര്‍ത്തി നിര്‍ണ്ണ കരട് നിര്‍ദ്ദേശം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടതോടെയാണ് വര്ഷങ്ങളായി തുടരുന്ന തര്‍ക്കങ്ങള്‍ക്ക് പരിസമാപ്തിയായത്.
മധ്യേഷ്യയിലെ ഏറ്റവും സങ്കീര്‍ണ്ണമായ പ്രദേശിക തര്‍ക്കങ്ങളിലൊന്നിന്റെ പരിഹാരം സഹകരണത്തിന്റെയും സ്ഥിരതയുടെയും ഒരു പുതിയ യുഗത്തെയാണ് അടയാളപ്പെടുത്തുന്നത്. അതിര്‍ത്തി സംഘര്‍ഷങ്ങള്‍ മറികടക്കുന്നതിലൂടെ, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നിവ നയതന്ത്ര ഇടപെടലിന് ഒരു മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. സഹകരണത്തിന്റെയും പരസ്പര വികസനത്തിന്റെയും കേന്ദ്രമെന്ന നിലയില്‍ മധ്യേഷ്യയുടെ പങ്ക് കൂടുതല്‍ ശക്തിപ്പെടുന്നതോടെ സാമ്പത്തിക കുതിച്ചു ചാട്ടത്തിനും കാര്‍ഷിക വാണിജ്യ വ്യാവസായിക മേഖലയുടെ പുരോഗതിക്കും ഊര്‍ജ്ജം പകരും.