Connect with us

Saudi Arabia

ജിദ്ദയിലെ യു എസ്-യുക്രൈന്‍ ചര്‍ച്ച; സ്വാഗതം ചെയ്ത് സഊദി മന്ത്രിസഭ

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശപ്രകാരം, വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്റെ സാന്നിധ്യത്തിലായിരുന്നു ജിദ്ദയില്‍ ചര്‍ച്ച നടന്നത്.

Published

|

Last Updated

ജിദ്ദ | യുക്രൈനും റഷ്യയും തമ്മില്‍ മൂന്ന് വര്‍ഷമായി നിലനില്‍ക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സഊദി അറേബ്യ ആതിഥേയത്വം വഹിച്ച സമാധാന ചര്‍ച്ചകളെ സഊദി മന്ത്രിസഭ സ്വാഗതം ചെയ്തു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശപ്രകാരം, വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്റെ സാന്നിധ്യത്തിലായിരുന്നു ജിദ്ദയില്‍ ചര്‍ച്ച നടന്നത്.

കിരീടാവകാശിയും യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കിയും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ ഫലങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്തു. ചര്‍ച്ചയ്ക്കിടെ ഇരു രാജ്യങ്ങളും തങ്ങളുടെ സാമ്പത്തിക ബന്ധങ്ങളുടെ ശക്തിയെ പ്രശംസിക്കുകയും സംയുക്ത ബിസിനസ് കൗണ്‍സില്‍ പുനഃസ്ഥാപിക്കുന്നതിനെയും സ്വാഗതം ചെയ്യുകയും ചെയ്തു.

യുക്രൈനിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുകയും ശാശ്വത സമാധാനം കൈവരിക്കുകയും ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് രാജ്യത്തിന്റെ പിന്തുണയെക്കുറിച്ചുള്ള ഊന്നല്‍ ചര്‍ച്ചകളില്‍ ഉണ്ടായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

സഊദി വിഷന്‍ 2030 പരിപാടികളുടെ വിജയം, പ്രധാന പദ്ധതികളിലും ദേശീയ തന്ത്രങ്ങളിലും കൈവരിച്ച പുരോഗതി, 2024-ല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നേടിയ വളര്‍ച്ചാ നിരക്കുകള്‍ എന്നിവയും മന്ത്രിസഭ ചര്‍ച്ച ചെയ്തു.