Ongoing News
സഊദി കിരീടാവകാശിയും ലബനീസ് പ്രസിഡന്റും റിയാദിൽ കൂടിക്കാഴ്ച നടത്തി
ലെബനീസ് പ്രസിഡന്റ് പദവി ഏറ്റടുത്ത ശേഷം ജോസഫ് ഔണിന്റെ പ്രഥമ സഊദി സന്ദർശനം കൂടിയാണിത്.

റിയാദ് | ഹൃസ്വ സന്ദർശനാർഥം സഊദിയിലെത്തിയ ലെബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ റിയാദിൽ കൂടിക്കാഴ്ച നടത്തിയതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ലബനനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. ലെബനീസ് പ്രസിഡന്റ് പദവി ഏറ്റടുത്ത ശേഷം ജോസഫ് ഔണിന്റെ പ്രഥമ സഊദി സന്ദർശനം കൂടിയാണിത്. തലസ്ഥനമായ റിയാദിലെ അൽ-യമാമ കൊട്ടാരത്തിലായിരുന്നു ഔദ്യോഗിക സ്വീകരണം.
തന്റെ സഊദി സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വീണ്ടും ഉറപ്പിക്കാനുള്ള അവസരമാണെന്ന് പ്രസിഡന്റ് ജോസഫ് ഔൺ പറഞ്ഞു. ലബനന്റെ സ്ഥിരത, സുരക്ഷ, പ്രവർത്തനം എന്നിവയെ പിന്തുണയ്ക്കുന്നതിൽ സഊദിയുടെ പങ്കിനും രാജ്യം നൽകുന്ന വിവിധ തരത്തിലുള്ള സഹായത്തിനും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.
ലബനാന്റെ മുൻ സൈനിക മേധാവിയായ ജോസഫ് ഔൺ 2025 ജനുവരിയിലാണ് രാജ്യത്തിന്റെ 14-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ രണ്ട് വർഷത്തിലേറെ നീണ്ട അധികാര ശൂന്യതക്കാണ് വിരാമമായത്.
ചൊവ്വാഴ്ച കെയ്‌റോയിൽ നടക്കുന്ന അസാധാരണ അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഔണും സംഘവും കെയ്‌റോയിലേക്ക് യാത്ര തിരിക്കും