National
സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി
മേഖലയുടെയും ലോകത്തിന്റെയും സുസ്ഥിരതയ്ക്കും ക്ഷേമത്തിനും ഇന്ത്യ-സഊദി അറേബ്യ പങ്കാളിത്തം പ്രധാനമാണെന്ന് കൂടിക്കാഴ്ചയിൽ മോദി

ന്യൂഡൽഹി | സഊദി കിരീടാവകാശിയും സൗദി അറേബ്യൻ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തി. ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ഇരു നേതാക്കളും അവലോകനം ചെയ്യുകയും ഇന്ത്യ-സഊദി അറേബ്യ തന്ത്രപരമായ പങ്കാളിത്തത്തിന്റെ സാധ്യതകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
മേഖലയുടെയും ലോകത്തിന്റെയും സുസ്ഥിരതയ്ക്കും ക്ഷേമത്തിനും ഇന്ത്യ-സഊദി അറേബ്യ പങ്കാളിത്തം പ്രധാനമാണെന്ന് കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. ജി-20 ഉച്ചകോടിയുടെ വിജയത്തിനായി നൽകിയ സംഭാവനകൾക്ക് പ്രധാനമന്ത്രി കിരീടാവകാശിയെ വീണ്ടും നന്ദി അറിയിച്ചു.
ഇന്ത്യയും പശ്ചിമേഷ്യയും യൂറോപ്പും തമ്മിൽ ചരിത്രപരമായ സാമ്പത്തിക ഇടനാഴി ആരംഭിക്കാൻ തീരുമാനിച്ചതായും മോദി പറഞ്ഞു. ഈ ഇടനാഴി ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുക മാത്രമല്ല, ഏഷ്യ, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവ തമ്മിലുള്ള സാമ്പത്തിക വികസനവും ഡിജിറ്റൽ കണക്റ്റിവിറ്റിയും സുഗമമാക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ-സഊദി അറേബ്യ ബന്ധത്തിന്റെ ചരിത്രത്തിൽ ഒരിക്കലും ഒരു വിയോജിപ്പും ഉണ്ടായിട്ടില്ലെന്ന് കിരീടവകാശി പറഞ്ഞു. ഭാവി കെട്ടിപ്പടുക്കുന്നതിനും അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജി-20 ഉച്ചകോടിയുടെ നടത്തിപ്പിനും മിഡിൽ ഈസ്റ്റ്, ഇന്ത്യ, യൂറോപ്പ് എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി ഉൾപ്പെടെ കൈക്കൊണ്ട നടപടികൾക്കും അദ്ദേഹം മോദിയെ അഭിനന്ദിച്ചു.
ഇന്ത്യ-സഊദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ആദ്യ യോഗത്തിന്റെ മിനുട്സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കിരീടാവകാശിയും ഒപ്പുവച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള സാമ്പത്തിക, സാമൂഹിക-സാംസ് കാരിക ബന്ധങ്ങൾ പ്രതിഫലിപ്പിക്കുന്ന സൗഹാർദ്ദപരമായ ബന്ധമാണ് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ളത്. ഇന്ത്യ സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയും സൗദി അറേബ്യ ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ്. 2022-23 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 52 ബില്യൺ ഡോളറായിരുന്നു.