Connect with us

International

ഇറാന്‍ പരമോന്നത നേതാവുമായി കൂടിക്കാഴ്ച നടത്തി സഊദി പ്രതിരോധ മന്ത്രി

2006-ല്‍ സഊദി വിദേശകാര്യ മന്ത്രിയായിരുന്ന സഊദ് അല്‍-ഫൈസല്‍ രാജകുമാരന്‍ ഇറാന്‍ സന്ദര്‍ശിച്ചതിനു ശേഷം ഇറാന്‍ പരമോന്നത നേതാവ് ഒരു സഊദി മന്ത്രിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ച.

Published

|

Last Updated

റിയാദ് | ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഇറാനിലെത്തിയ സഊദി അറേബ്യയുടെ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമേനിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കിടെ, ഖാലിദ് രാജകുമാരന്‍ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ കത്ത് കൈമാറുകയും രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ആശംസകള്‍ അറിയിക്കുകയും ചെയ്തു. സല്‍മാന്‍ രാജാവിനും കിരീടാവകാശിക്കും ആയത്തുല്ല അലി ഖുമേനി നന്ദി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന് ഖുമേനി പിന്തുണ അറിയിച്ചു. ‘ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാനും സഊദി അറേബ്യയും തമ്മിലുള്ള ബന്ധം ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. മറ്റുള്ളവരെ ആശ്രയിക്കുന്നതിനേക്കാള്‍ മേഖലയിലെ സഹോദരങ്ങള്‍ പരസ്പരം സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്നതാണ് നല്ലത്.’- കൂടിക്കാഴ്ചയില്‍ ഖുമേനി പറഞ്ഞു. സഊദി അറേബ്യയും ഇറാനും തമ്മിലുള്ള ബന്ധവും പരസ്പര താത്പര്യമുള്ള വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടുവെന്ന് ഖാലിദ് രാജകുമാരന്‍ എക്സില്‍ കുറിച്ചു.

2006-ല്‍ സഊദി വിദേശകാര്യ മന്ത്രിയായിരുന്ന സഊദ് അല്‍-ഫൈസല്‍ രാജകുമാരന്‍ ഇറാന്‍ സന്ദര്‍ശിച്ചതിനുശേഷം ഇറാന്‍ പരമോന്നത നേതാവ് ഒരു സഊദി മന്ത്രിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ച കൂടിയായിരുന്നു ഇത്. 1979-ലെ ഇറാന്‍ വിപ്ലവത്തിനു ശേഷം സഊദി പ്രതിരോധ മന്ത്രി ഇറാനിലേക്ക് നടത്തുന്ന രണ്ടാമത്തെ സന്ദര്‍ശനമാണിത്. 1999 മെയ് മാസത്തില്‍ അന്തരിച്ച സുല്‍ത്താന്‍ രാജകുമാരനാണ് ഇറാനിലേക്ക് ആദ്യ സന്ദര്‍ശനം നടത്തിയത്.

ഇറാനിലെത്തിയ സഊദി പ്രതിരോധ മന്ത്രിയെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാനും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇറാന്‍ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി അക്ബര്‍ അഹ്മദിയാന്‍, സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബാഗേരി എന്നിവരുമായും രാജകുമാരന്‍ കൂടിക്കാഴ്ച നടത്തി. സഊദി ചീഫ് ഓഫ് ദി ജനറല്‍ സ്റ്റാഫ് ജനറല്‍ ഫയ്യദ് അല്‍-റുവൈലി, റോയല്‍ കോര്‍ട്ടിലെ ഉപദേഷ്ടാവ് ഖാലിദ് ഹദ്രാവി, പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഹിഷാം ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സെയ്ഫ് എന്നിവരും പങ്കെടുത്തു.

യു എസും ഇറാനും തമ്മിലുള്ള രണ്ടാംഘട്ട ആണവക്കരാര്‍ ചര്‍ച്ച നാളെ ഇറ്റലിയിലെ റോമില്‍ നടക്കാനിരിക്കെ, ഇറാനിയന്‍ നേതാക്കളുമായുള്ള സഊദി പ്രതിരോധ മന്ത്രിയുടെ കൂടിക്കാഴ്ചക്ക് വന്‍ പ്രാധാന്യമാണ് ലോക മാധ്യമങ്ങള്‍ നല്‍കുന്നത്. യു എസുമായുള്ള ഇറാന്റെ ആണവ ചര്‍ച്ചകളെ സഊദി അറേബ്യ സ്വാഗതം ചെയ്യുന്നുവെന്നും പ്രാദേശികവും അന്തര്‍ദേശീയവുമായ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്നും സഊദി വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

 

Latest