Connect with us

Saudi Arabia

സഊദി പ്രതിരോധ മന്ത്രി യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായി കൂടിക്കാഴ്ച നടത്തി

യു എസ്-സഊദി ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

Published

|

Last Updated

റിയാദ്/വാഷിംഗ്ടണ്‍ | സഊദി പ്രതിരോധ മന്ത്രി പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് തിങ്കളാഴ്ച ഔദ്യോഗിക സന്ദര്‍ശനത്തിനായി വാഷിംഗ്ടണിലെത്തിയതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

ഖാലിദ് ബിന്‍ സല്‍മാനും യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും പെന്റഗണില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. അമേരിക്കയും സഊദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പരസ്പര താത്പര്യമുള്ള വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ‘പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളും, സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ചര്‍ച്ച ചെയ്തതായി സഊദി പ്രതിരോധ മന്ത്രി എക്‌സില്‍ കുറിച്ചു. യു എസ്-സഊദി ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായും സഊദി പ്രതിരോധ മന്ത്രി കൂടിക്കാഴ്ച നടത്തും. വിവിധ ഉഭയകക്ഷി, പ്രാദേശിക, ആഗോള മുന്‍ഗണനകളെക്കുറിച്ചുള്ള ഖാലിദ് ബിന്‍ സല്‍മാന്റെ വീക്ഷണത്തെ ഹെഗ്സെത്ത് സ്വാഗതം ചെയ്തു.

പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും ഒരു നിക്ഷേപമായി യു എസും സഊദിയും തമ്മിലുള്ള ഉഭയകക്ഷി പരസ്പര പ്രവര്‍ത്തനക്ഷമത നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സെക്രട്ടറി ഹെഗ്സെത്ത് എടുത്തുപറഞ്ഞു. സമീപഭാവിയില്‍ സഊദി അറേബ്യ സന്ദര്‍ശിക്കാനുള്ള പ്രിന്‍സ് ഖാലിദിന്റെ ക്ഷണം ഹെഗ്സെത്ത് സ്വീകരിച്ചു.

റഷ്യ-യുക്രൈന്‍ യുദ്ധം ചര്‍ച്ച ചെയ്യുന്നതിനും വിശാലമായ റഷ്യ-യുഎസ് ബന്ധം പുനഃസ്ഥാപിക്കുന്നതിനും ഉന്നതതല യു എസ്, റഷ്യന്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചര്‍ച്ചക്ക് സഊദി ആതിഥേയത്വം വഹിച്ചിരുന്നു.

 

Latest