Connect with us

Oddnews

വധശിക്ഷ നടപ്പാക്കാനിരിക്കേ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സഊദി പിതാവ്

തന്റെ തീരുമാനത്തിന് ദൈവിക പ്രചോദനം കാരണമായതായി കൊല്ലപ്പെട്ടയാളുടെ പിതാവ് അല്‍ ഹുമൈദി അല്‍ ഹര്‍ബി.

Published

|

Last Updated

റിയാദ് | മകന്റെ കൊലയാളിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് പ്രതിക്ക് നിരുപാധികം മാപ്പ് നല്‍കി സഊദി പൗരന്‍. വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇദ്ദേഹം മാപ്പ് നല്‍കി ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചത്.

ഹഫാര്‍ അല്‍ ബത്തീന്‍ ഗവര്‍ണറേറ്റിലാണ് സംഭവം. ശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് അപ്രതീക്ഷിതമായി എത്തിയ അല്‍ ഹുമൈദി അല്‍ ഹര്‍ബി അവിടെവെച്ച് കുറ്റവാളിക്ക് മാപ്പ് നല്‍കുകയായിരുന്നു. പ്രതി വലിയ സംഖ്യ ഓഫര്‍ ചെയ്തിരുന്നെങ്കിലും ദയയ്ക്കായുള്ള നിരവധി അപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. എന്നാല്‍ അവസാന മണിക്കൂറില്‍ അല്‍ ഹര്‍ബിക്ക് മനംമാറ്റമുണ്ടാവുകയായിരുന്നു.

തന്റെ തീരുമാനത്തിന് ദൈവിക പ്രചോദനം കാരണമായതായി അല്‍ ഹര്‍ബി പറഞ്ഞു. നേരത്തെ അനുരഞ്ജന ശ്രമങ്ങള്‍ നിരസിച്ചിട്ടും അവസാന നിമിഷത്തില്‍ പ്രതിക്ക് മാപ്പ് നല്‍കാന്‍ താന്‍ അതിനാല്‍ പ്രേരിപ്പിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉദാര നിലപാട് സ്വീകരിച്ച അല്‍ ഹര്‍ബിക്ക് വലിയ പ്രശംസയാണ് സമൂഹത്തില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും ശാശ്വത മൂല്യങ്ങളുടെയും സാക്ഷ്യമായാണ് അല്‍ ഹര്‍ബിയുടെ നിലപാടിനെ ലോകത്തിന്റെ വിവിധ കോണുകളിലുള്ളവര്‍ വിലയിരുത്തുന്നത്.

 

Latest