Saudi Arabia
വ്യാവസായിക, ഖനന ചര്‍ച്ചകള്‍ക്കായി സഊദി മന്ത്രി ഇന്ത്യ സന്ദര്‍ശിക്കും
സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ആഗോള ഖനന നേതൃത്വം സ്ഥാപിക്കാനുമുള്ള സഊദി വിഷന്‍ 2030 ന്റെ ഭാഗമായാണ് സന്ദര്‍ശനം
റിയാദ് | വ്യാവസായിക, ഖനന ചര്‍ച്ചകള്‍ക്കായി സഊദി മന്ത്രി മന്ത്രി ബന്ദര്‍ അല്‍ഖൊറൈഫിന്റെ നേതൃത്വത്തില്‍ വ്യവസായ, ധാതു വിഭവ മന്ത്രാലയ ഔദ്യോഗിക പ്രതിനിധി സംഘം 2025 ഫെബ്രുവരി 3 മുതല്‍ 6 വരെ ഇന്ത്യ സന്ദര്‍ശിക്കും
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, സഊദി അറേബ്യയിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, സംയുക്ത വ്യാവസായിക, ഖനന അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുക,വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ആഗോള ഖനന നേതൃത്വം സ്ഥാപിക്കാനുമുള്ള സഊദി വിഷന്‍ 2030 ന്റെ ഭാഗമായാണ് സന്ദര്‍ശനം
കല്‍ക്കരി, ഖനനം, ഉരുക്ക്, വാണിജ്യം എന്നീ മന്ത്രാലയങ്ങള്‍ പ്രതിനിധി സംഘം സന്ദര്‍ശിക്കും. വേദാന്ത, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് തുടങ്ങിയ ഇന്ത്യന്‍ കോര്‍പ്പറേറ്റ് കമ്പനികളുമായും ചര്‍ച്ച നടത്തും. മുംബൈയില്‍, ടാറ്റ ഇലക്ട്രോണിക്‌സ്, ആദിത്യ ബിര്‍ള ഗ്രൂപ്പ്, യുപിഎല്‍ ഇന്ത്യ എന്നീ കമ്പനികളുടെ സാങ്കേതികവിദ്യ, രാസവസ്തുക്കള്‍, ഖനനം എന്നിവയിലെ പങ്കാളിത്തങ്ങള്‍ പര്യവേക്ഷണം ചെയ്യും. സന്ദര്‍ശനത്തിന്റെ ഭാഗമായി സംയുക്ത സംരംഭങ്ങളും വിജ്ഞാന വിനിമയവും ത്വരിതപ്പെടുത്തുന്നതിനുള്ള കരാറുകളില്‍ പ്രതിനിധി സംഘം ഒപ്പുവെക്കും
സഊദി അറേബ്യയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികളുമായി യോജിപ്പിച്ച്, ഓട്ടോമോട്ടീവ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, പെട്രോകെമിക്കല്‍ വ്യവസായങ്ങളിലെ പുരോഗതിയാണ് ഉന്നതതല ധാരണാപത്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്