Ongoing News
സഊദി ദേശീയ ദിനം; ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
നിയോം | സഊദിയുടെ 91 -ാമത് ദേശീയ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്. വിഷന്‍ 2030ന്റെ ഭാഗമായി രാജ്യം കൂടുതല്‍ പുരോഗതിക്കും അഭിവൃദ്ധിക്കും നേട്ടങ്ങള്‍ക്കുമായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവ് ഉള്‍പ്പെടെയുള്ള മുന്‍ഗാമികളെ സല്‍മാന്‍ രാജാവ് അനുസ്മരിച്ചു. 1932 ല്‍ സഊദിയിലെ നജ്ദ് ഹിജാസ് എന്നീ പ്രവിശ്യകള്‍ സഊദി അറേബ്യയായി പുനര്‍നാമകരണം ചെയ്തതിന്റെ ഓര്‍മയ്ക്കായാണ് എല്ലാ വര്‍ഷവും സെപ്തംബര്‍ 23 ന് ദേശീയ ദിനം ആചരിക്കുന്നത്.
ഐക്യദാര്‍ഢ്യവുമായി യു എ ഇ; ബുര്‍ജ് ഖലീഫ പച്ചയണിയും
സഊദിയുടെ ദേശിയ ദിനത്തിന് ഐക്യദാര്‍ഢ്യവുമായി യു എ ഇയും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ സഊദി അറേബ്യയുടെ 91 -ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച പച്ചയണിയും. ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കെട്ടിടവും ഇരു രാജ്യങ്ങളുടെയും പതാകകളും നേതാക്കളുടെ ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. എമിറേറ്റുകളിലുടനീളം ഇലക്ട്രോണിക് പരസ്യബോര്‍ഡുകളും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ സന്ദേശങ്ങളും നിറഞ്ഞിരിക്കുകയാണ്. അബൂദബിയില്‍, ഇത്തിഹാദ് അരീന, യാസ് മാള്‍ എന്നിവയുള്‍പ്പെടെ നിരവധി യാസ് ദ്വീപ് വേദികളും സഊദി പതാകയുടെ നിറങ്ങളാല്‍ അലങ്കരിക്കും. യാസ് ബേയില്‍ രാത്രി ഒമ്പതിന് കരിമരുന്ന് പ്രയോഗവും നടക്കും.