Connect with us

Saudi Arabia

'ഡെസേര്‍ട്ട് ഡ്രീം ട്രെയിന്‍'; പദ്ധതിയുടെ അന്തിമ രൂപകല്‍പ്പന പൂര്‍ത്തിയായതായി സഊദി റെയില്‍വേ

മധ്യപൂര്‍വദേശത്തെ പ്രഥമ പഞ്ചനക്ഷത്ര ആഡംബര ട്രെയിനാണിത്.

Published

|

Last Updated

ദമാം | സഊദി അറേബ്യയുടെ സാംസ്‌കാരിക സ്വഭാവവും പ്രാദേശിക പൈതൃകവും വിളിച്ചറിയിക്കുന്ന ആഡംബര ട്രെയിന്‍ സര്‍വീസിന്റെ അന്തിമ രൂപകല്‍പ്പന പൂര്‍ത്തിയായതായി സഊദി റെയില്‍വേ അറിയിച്ചു. മധ്യപൂര്‍വദേശത്തെ പ്രഥമ പഞ്ചനക്ഷത്ര ആഡംബര ട്രെയിനാണിത്. സഊദി റെയില്‍വേയും ഇറ്റാലിയന്‍ ഹോസ്പിറ്റാലിറ്റി കമ്പനിയായ ആഴ്‌സണലും ചേര്‍ന്നാണ് ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് ട്രെയിനിന്റെ അന്തിമ രൂപകല്‍പ്പന ഔദ്യോഗികമായി പുറത്തിറക്കിയത്.

സഊദി മരുഭൂമിയിലെ മണല്‍ക്കൂമ്പാരങ്ങള്‍ക്ക് ഇടയിലൂടെ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ട്രെയിന്‍ യാത്രയെന്ന സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്. രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ സംയോജിപ്പിച്ചു കൊണ്ടുള്ള ആഡംബര റെയില്‍ യാത്ര അറബ് മേഖലയിലെ സുപ്രധാന ചുവടുവെപ്പ് കൂടിയാണ്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിന്റെ സഊദി സന്ദര്‍ശനത്തോടനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം.

സഊദി പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ന്റെ ഭാഗമായി സാംസ്‌കാരിക മേഖലയെ പിന്തുണച്ച് രാജ്യത്തെ ആഡംബര ട്രെയിന്‍ യാത്രയെ പുനര്‍നിര്‍വചിക്കുക എന്നതാണ് ഡ്രീം ഓഫ് ദി ഡെസേര്‍ട്ടിന്റെ പ്രധാന ലക്ഷ്യം. 14 ബോഗികള്‍ ഉള്‍ക്കൊള്ളുന്ന 34 ആഡംബര സ്യൂട്ടുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഡ്രീം ഓഫ് ദി ഡെസേര്‍ട്ട് ട്രെയിന്‍.

രാജ്യതലസ്ഥാനമായ റിയാദില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍, സഊദി അറേബ്യയുടെ വടക്കന്‍ റെയില്‍വേ ശൃംഖലയിലൂടെയാണ് സഞ്ചരിക്കുക. ആഗോള ലോജിസ്റ്റിക്‌സ് ഹബ് എന്ന നിലയില്‍ സഊദി അറേബ്യയുടെ സ്ഥാനം വര്‍ധിപ്പിക്കുന്ന സംയോജിത റെയില്‍വേ ശൃംഖലയുടെ വികസനത്തിനാണ് ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് തന്ത്രം ലക്ഷ്യമിടുന്നതെന്ന് സഊദി ഗതാഗത, ലോജിസ്റ്റിക് മന്ത്രിയും സഊദി റെയില്‍വേ ചെയര്‍മാനുമായ എന്‍ജിനീയര്‍ സാലിഹ് ബിന്‍ നാസര്‍ അല്‍-ജാസര്‍ പറഞ്ഞു.

 

Latest