Kerala
സഊദി വനിതയുടെ ലൈംഗികാരോപണം; മല്ലു ട്രാവലർക്ക് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം
ഇപ്പോൾ ഷാർജയിൽ കഴിയുന്ന സാക്കിർ 25ന് കേരളത്തിൽ എത്തുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കൊച്ചി | സഊദി വനിത നൽകിയ ലൈംഗികാരോപണ കേസിൽ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ട്രാവൽ ബ്ലോഗർ സാക്കിർ സുബാന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം, കേരളം വിട്ട് പോകാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചാൽ ഹാജരാകണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചത്.
ഇപ്പോൾ ഷാർജയിലാണ് സാക്കിർ ഉള്ളത്. 25ന് സാക്കിർ കേരളത്തിൽ എത്തുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സാക്കിറിന്റെ വിമാനടിക്കറ്റും അദ്ദേഹം കോടതിയിൽ ഹാജരാക്കി. തുടർന്നാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
സൗദി പൗരയായ 29 കാരിയാണ് സാക്കിർ സുബാന് എതിരെ പരാതി നൽകിയത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പ്രതിശ്രുത വരനൊപ്പം കൊച്ചിയിൽ താമസിക്കുന്ന തന്നെ ഇന്റർവ്യൂ ചെയ്യാൻ എത്തിയ സാക്കിർ, പ്രതിശ്രുത വരൻ പുറത്തുപോയ സമയത്ത് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
കേസിൽ സാക്കിറിന് എതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പരാതി നൽകിയ ശേഷം സാക്കിർ നാട്ടിൽ എത്തിയിട്ടില്ല.