Connect with us

articles

സവര്‍ക്കര്‍: കള്ളം പറയുന്ന തിരശ്ശീലകള്‍

"ആപ്തെയും ഗോഡ്സെയും മുറിയില്‍നിന്നിറങ്ങുമ്പോള്‍ വിജയിച്ചുവരൂ എന്ന് സവര്‍ക്കര്‍ പറയുന്നത് കേട്ടു' എന്ന മാപ്പുസാക്ഷി മൊഴിയുണ്ട് ഗാന്ധിവധ വ്യവഹാര ചരിത്രത്തില്‍. ഇതെല്ലാം മറച്ചുപിടിച്ച് മറ്റൊരു സവര്‍ക്കറെ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളിലെ ഛായാപടവും ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രവും.

Published

|

Last Updated

‘ഞാന്‍ എന്റെ വൈകുന്നേരങ്ങളില്‍ കൂടുതല്‍ സമയവും ബാപ്പുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതിയെക്കുറിച്ച് ആരായാനാണ് നീക്കിവെക്കാറുള്ളത്. സഞ്ജീവനി (ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍) യുമായി അന്വേഷണ പുരോഗതി ചര്‍ച്ച ചെയ്യാറുണ്ട്. സവര്‍ക്കറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഹിന്ദു മഹാസഭയിലെ മതഭ്രാന്തന്മാരാണ് അത് ചെയ്തതെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല’.

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ വരികളാണ്. 1948 ഫെബ്രുവരി 27ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് എഴുതിയ കത്തില്‍ നിന്നുള്ളത്. പറയാന്‍ പോകുന്നത് പട്ടേലിനെ കുറിച്ചല്ല. സവര്‍ക്കറെ കുറിച്ചാണ്. സവര്‍ക്കര്‍ എന്നാല്‍ വിനായക് ദാമോദര്‍ സവര്‍ക്കര്‍. ആശയപരമായും സംഘടനാപരമായും ആര്‍ എസ് എസ് കടപ്പെട്ടിരിക്കുന്നു അദ്ദേഹത്തോട്. ഹിന്ദുത്വയുടെ പ്രോദ്ഘാടകനാണ് വി ഡി സവര്‍ക്കര്‍.

“ആധുനിക ഹിന്ദുത്വം രൂപം കൊള്ളുന്നത് 1923-ല്‍ വി ഡി സവര്‍ക്കര്‍ ഹിന്ദുവിന് നല്‍കിയ നിര്‍വചനത്തോടെയാണ്. ഈ നിര്‍വചനം മറ്റുവിഭാഗങ്ങളെ അകറ്റി നിര്‍ത്തുന്ന രീതിയിലാണുള്ളത്. ഇന്ത്യന്‍ മുസ്്ലിംകളുടെയും ക്രിസ്ത്യാനികളുടെയും ദേശാഭിമാനം എപ്പോഴും താഴേക്കിടയിലുള്ളതും സംശയാസ്പദവുമാണ്. കാരണം അറേബ്യയിലും ഫലസ്തീനിലും വിശുദ്ധ ഭൂമികളുള്ള ഇവര്‍ക്ക് പിതൃഭൂമിയെയും പുണ്യഭൂമിയെയും ഒന്നായി കാണാന്‍ സാധ്യമല്ല’ (Khaki Shorts and Saffron Flags: A Critique of the Hindu Right).

“ഹിന്ദുത്വം; ആരാണ് ഹിന്ദു?’ എന്ന ലഘുലേഖയിലാണ് സവര്‍ക്കര്‍ ഹിന്ദുവിനെ നിര്‍വചിക്കുന്നതും ആ നിര്‍വചനത്തെ മുന്‍നിര്‍ത്തി ദേശസ്‌നേഹത്തെ വിശദീകരിക്കുന്നതും. 1923 ല്‍ അന്തമാനിലെ ജയില്‍വാസക്കാലത്താണ് സവര്‍ക്കര്‍ ഈ ലഘുലേഖ എഴുതിത്തയ്യാറാക്കുന്നത്. ഇന്ത്യയെ “ജയിക്കാന്‍’ ഹിന്ദു-മുസ്്ലിം സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പുത്പാദിപ്പിക്കുന്നത് ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നായി ബ്രിട്ടീഷ് അധികാരികള്‍ മനസ്സിലാക്കിയ കാലമാണത്. ബ്രിട്ടന്‍ ആഗ്രഹിച്ചത് നടപ്പാക്കി കൊടുക്കാനുള്ള സന്നദ്ധത നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു സവര്‍ക്കര്‍. 1913 നവംബര്‍ 14-ന് സമര്‍പ്പിച്ച മാപ്പപേക്ഷയില്‍ ഇങ്ങനെ വായിക്കാം: “ഗവണ്‍മെന്റിന്റെ സ്വതസിദ്ധമായ ഉദാരതയും ദയാപരതയും ചേര്‍ന്ന് എന്നെ (ജയിലില്‍ നിന്ന്) മോചിപ്പിക്കുകയാണെങ്കില്‍ പുരോഗതിയുടെ അടിസ്ഥാനമായ, (ബ്രിട്ടീഷ്) ഭരണകൂടത്തിന്റെ മുന്നോട്ടുപോക്കിനെയും അതിനോടുള്ള വിധേയത്വത്തെയും പ്രചരിപ്പിക്കുന്ന ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നവരില്‍ എന്നെക്കഴിഞ്ഞേ മറ്റാരെങ്കിലും ഉണ്ടായിരിക്കൂ…
മാത്രമല്ല, ഭരണകൂടത്തിന്റെ അതിരുകള്‍ക്കുള്ളിലേക്കുള്ള എന്റെ മാറ്റം ഒരിക്കല്‍ മാര്‍ഗദര്‍ശിയെന്ന നിലയില്‍ എന്നെ നോക്കിയിരുന്ന ഇന്ത്യയിലെയും വിദേശത്തെയും വഴിതെറ്റിയ ചെറുപ്പക്കാരെ ഈ വഴിയിലേക്ക് തിരിച്ചുകൊണ്ടുവരും. (ബ്രിട്ടീഷ്) ഗവണ്‍മെന്റിനെ അവര്‍ ആവശ്യപ്പെടുന്ന ഏത് നിലക്കും സേവിക്കാന്‍ ഞാന്‍ തയ്യാറാണ്. കാരണം എന്റെ മാറ്റം അത്രമാത്രം പരിപൂര്‍ണമാണ്. എന്റെ ഭാവിയിലെ പെരുമാറ്റവും അമ്മട്ടിലായിരിക്കും… ധീരര്‍ക്ക് മാത്രമേ ദയാലുക്കളാകാന്‍ കഴിയൂ. അതിനാല്‍ ഭരണകൂടത്തിന്റെ രക്ഷാകര്‍തൃ കവാടങ്ങളിലേക്കല്ലാതെ ധൂര്‍ത്തപുത്രന്‍ എങ്ങോട്ടാണ് പോകുക.’

“ഒരിക്കല്‍ മാര്‍ഗദര്‍ശിയെന്ന നിലയില്‍ എന്നെ നോക്കിയിരുന്ന ഇന്ത്യയിലെയും വിദേശത്തെയും വഴിതെറ്റിയ ചെറുപ്പക്കാരെ ഈ വഴിയിലേക്ക് തിരിച്ചുകൊണ്ടുവരും’ എന്ന വാക്ക് പാലിക്കുന്നതിനാണ് പിന്നീടുള്ള ജീവിതം സവര്‍ക്കര്‍ നീക്കിവെച്ചത്. വഴി തെറ്റിയിട്ടെങ്കിലും ബ്രിട്ടീഷ് വിരുദ്ധ സമരത്തിലേക്ക് അദ്ദേഹമോ അദ്ദേഹത്തെ അനുകൂലിക്കുന്നവരോ പിന്നീട് പോയില്ലെന്നുമോര്‍ക്കണം. അതേസമയം ബ്രിട്ടീഷുകാര്‍ ആഗ്രഹിക്കുന്ന വിധത്തില്‍ ഹിന്ദു-മുസ്്ലിം വിഭജനം സാധ്യമാക്കാന്‍ അദ്ദേഹം കിണഞ്ഞു ശ്രമിക്കുന്നുണ്ട് പിന്നീട്. ആരാണ് ഹിന്ദു എന്ന ലഘുലേഖ പോലും അതിന്റെ ഭാഗമായി എഴുതിയുണ്ടാക്കിയതാണ്.

“ഒരു അമേരിക്കക്കാരന് ഇന്ത്യന്‍ പൗരനാകാം. സദുദ്ദേശ്യത്തോടെ വരുന്ന ആളാണെങ്കില്‍ അയാള്‍ക്ക് ഭാരതീയന്‍ അല്ലെങ്കില്‍ ഹിന്ദി (ഇന്ത്യക്കാരന്‍) ആയി കണക്കാക്കപ്പെടാന്‍ അവകാശമുണ്ട്. പക്ഷേ നമ്മുടെ രാജ്യം കൂടാതെ നമ്മുടെ ചരിത്രവും സംസ്‌കാരവും അയാള്‍ സ്വീകരിക്കുന്നില്ലെങ്കില്‍, നമ്മുടെ രക്തത്തിന്റെ പിന്തുടര്‍ച്ചാവകാശിയായില്ലെങ്കില്‍, നമ്മുടെ നാടിനെ തന്റെ സ്‌നേഹഭൂമിയെന്നതുകൂടാതെ ആരാധനാ കേന്ദ്രം കൂടിയാക്കിയില്ലെങ്കില്‍ അയാള്‍ക്ക് ഹിന്ദു ജനതയുമായി ഇണങ്ങിച്ചേരാന്‍ കഴിയുകയില്ല’ (ഹിന്ദുത്വം; ആരാണ് ഹിന്ദു).

ഒരാള്‍ ഇന്ത്യക്കാരനാകണമെങ്കില്‍ “നമ്മുടെ ചരിത്രവും സംസ്‌കാരവും’ കൂടി ഉള്‍ക്കൊള്ളണം എന്ന് പറഞ്ഞുവെക്കുന്നുണ്ട് സവര്‍ക്കര്‍. ഇവിടെ അദ്ദേഹം ഉദ്ദേശിക്കുന്ന സംസ്‌കാരം ഹിന്ദുവിന്റേതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല. ഒരാള്‍ ഇന്ത്യക്കാരനായി അംഗീകരിക്കപ്പെടണമെങ്കില്‍ അയാള്‍ ഹിന്ദു സംസ്‌കാരത്തെ പുണരണം എന്ന് തന്നെയാണ് സവര്‍ക്കര്‍ പറയുന്നത്. ഇന്ത്യക്കാരന്‍ എന്നത് ഒരു രാഷ്ട്രീയ ഐഡന്റിറ്റിയാണ്. ഹിന്ദു എന്നത് മതപരമായ സ്വത്വവും. ഫലത്തില്‍ മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തി അപകടകരമായ വ്യാജങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സവര്‍ക്കര്‍ വികസിപ്പിച്ച പദ്ധതിയാണ് ഹിന്ദുത്വ. ആര്യസമാജത്തിന്റെ സ്വാമി ശ്രദ്ധാനന്ദ്, ആര്‍ എസ് എസ് സര്‍ സംഘ് ചാലകുകളായ ഹെഡ്‌ഗേവാര്‍, ഗോള്‍വാള്‍ക്കര്‍ എന്നിവരെല്ലാം സവര്‍ക്കറുടെ ഹിന്ദുത്വത്തെ വികസിപ്പിക്കുകയാണ് പിന്നീട് ചെയ്തത്. മുസ്്ലിംകള്‍ ഒന്നാമതായി മുസ്്ലിംകളും പിന്നീട് മാത്രം ഇന്ത്യക്കാരാണെന്ന “പരാതി’ ആര്‍ എസ് എസ് സ്ഥാപകനായ ഡോ. ഹെഡ്‌ഗേവാറിന് ഉണ്ടായിരുന്നല്ലോ. ആ നരേറ്റീവ് തുടങ്ങിവെച്ചത് വി ഡി സവര്‍ക്കര്‍ ആയിരുന്നു. മുസ്്ലിംകളും ക്രിസ്ത്യാനികളും ഇന്ത്യയെ പുണ്യഭൂമിയായി കാണുന്നവരല്ല എന്ന് സ്ഥാപിക്കാനാണ് അദ്ദേഹം “ആരാണ് ഹിന്ദു’ എന്ന ലഘുലേഖ എഴുതിയതുതന്നെ.

സവര്‍ക്കര്‍ എന്ന പേര് ഇന്ത്യക്കാരെ ഓര്‍മിപ്പിക്കുന്ന പ്രധാനമായ കാര്യം, അന്തമാന്‍ ജയിലിലായിരുന്ന കാലത്ത് ബ്രിട്ടീഷുകാര്‍ക്ക് നിരന്തരം മാപ്പപേക്ഷ എഴുതിയ ആള്‍ എന്നതാണ്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഏറ്റവും അപകടകരമായ വശം ഇതല്ല തന്നെ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാണക്കേടായി ആ മാപ്പപേക്ഷകള്‍ ബാക്കിയാകും. അത് അദ്ദേഹത്തിലേക്ക് മാത്രം ചെന്നുചേരുന്ന നാണക്കേടാണ്. പക്ഷേ അതായിരുന്നില്ല സവര്‍ക്കര്‍ ചെയ്ത കഠിനദ്രോഹം. രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിച്ചതാണ് ആ ജീവിതത്തിലെ ഏറ്റവും ഇരുണ്ടവശം. മുസ്്ലിം-ക്രൈസ്തവ സമുദായങ്ങളുടെ ദേശസ്‌നേഹത്തെ അദ്ദേഹം സംശയാസ്പദമായി അവതരിപ്പിച്ചു. മതത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നു. അതിനെ പ്രത്യയശാസ്ത്രവത്കരിച്ചു. ആ പ്രത്യയശാസ്ത്രത്തെ ആര്‍ എസ് എസിലൂടെ സൈനികവത്കരിച്ചു. അപരദ്വേഷം അതിന്റെ അടിത്തറയായി. മുസ്്ലിംകള്‍ മാത്രമല്ല, അവരോട് സൗഹൃദം പുലര്‍ത്തിയവരും ശത്രുക്കളായി. ആ ശത്രുതയാണ് മഹാത്മാ ഗാന്ധിയുടെ ജീവനെടുത്തത്. അതില്‍ സവര്‍ക്കറുടെ പങ്ക് പറയുന്നതാണ് ലേഖനാരംഭത്തില്‍ ഉദ്ധരിച്ച സര്‍ദാര്‍ പട്ടേലിന്റെ കത്തിലെ വാചകങ്ങള്‍.

ഇന്ത്യയുടെ മതനിരപേക്ഷ-ജനാധിപത്യ സ്വഭാവത്തെ അക്രമിച്ചുകൊണ്ട് മാത്രമേ മതരാഷ്ട്രം സ്ഥാപിക്കാന്‍ ആര്‍ എസ് എസിനു കഴിയുമായിരുന്നുള്ളൂ. അതിനു തടസ്സമായി നിന്നു എന്നതാണ് ഗാന്ധി ചെയ്ത “കുറ്റം’. ഗാന്ധിയുടെ അവസാനത്തെ പൊതുപ്രസംഗം ദില്ലി മെഹ്റോളിയിലെ ബക്തിയാര്‍ കഅ്കിയുടെ ദര്‍ഗയില്‍ ആയിരുന്നല്ലോ. നാഥുറാം ഗോഡ്‌സെയുടെ വെടിയേറ്റു കൊല്ലപ്പെടുന്നതിന്റെ മൂന്നുനാള്‍ മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1948 ജനുവരി 27ന് ഗാന്ധിജി നാനാമതസ്ഥരായ അനുയായികളോടൊപ്പം ദര്‍ഗ സന്ദര്‍ശിച്ചിരുന്നു. ഡല്‍ഹി സാമുദായിക കലാപത്തില്‍ കത്തിക്കൊണ്ടിരുന്ന നാളുകളായിരുന്നു അത്. വര്‍ഗീയഭ്രാന്തന്മാര്‍ ദര്‍ഗയെപ്പോലും വെറുതെ വിട്ടിരുന്നില്ല. അവര്‍ ദര്‍ഗക്ക് സാരമായ പരുക്കേൽപ്പിച്ചു. അന്ന് ഡല്‍ഹിയില്‍ പ്രസംഗിക്കവേ ഗാന്ധിജി പറഞ്ഞു: “അജ്മീറിലേക്ക് ചേര്‍ത്തിനോക്കുമ്പോള്‍ വിശുദ്ധിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഖുതുബുദ്ദീന്‍ ബഖ്തിയാറിന്റെ മൗസോളിയം ഇവിടെ നിന്നും ഏകദേശം 8 കി. മീ. അകലെയായിരിക്കും. രണ്ടിടങ്ങളിലും മുസ്്ലിംകള്‍ മാത്രമല്ല, നൂറുകണക്കിന് ഹൈന്ദവരും മറ്റു അമുസ്്ലിംകളും പ്രാര്‍ഥനക്കായി എത്തുന്നു.

കഴിഞ്ഞ സെപ്തംബര്‍ ആദ്യവാരമാണ് ഈ പുണ്യസ്ഥലങ്ങള്‍ക്ക് നേരെ ഹിന്ദുക്കള്‍ പ്രതികാരവാഞ്ഛ പ്രകടിപ്പിക്കുന്നത്. നാല് നൂറ്റാണ്ടുകളായി ഇവിടെ ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്ന മുസ്്ലിംകള്‍ അവരുടെ പ്രിയപ്പെട്ട വീടുകള്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായി. ഈ നാണക്കേട് തുടച്ചുനീക്കാനും അതിന്റെ പരിശുദ്ധിയോടെ പുനഃസ്ഥാപിക്കാനും ഹിന്ദുക്കളോടും സിഖുകാരോടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോടും മന്ത്രിമാരോടും ആവശ്യപ്പെടുന്നു. ഞാന്‍ ഇവിടെ പറയുന്നത് ഡല്‍ഹിയിലും പരിസരത്തെ ഇന്ത്യന്‍ യൂനിയന്റെ മറ്റിടങ്ങളിലുമുള്ള എല്ലാ ആരാധനാലയങ്ങളിലും ബാധകമാണ്. ചെറുതോ വലുതോ ആയ ആരാധനാലയങ്ങളെ അവഹേളിക്കുന്നത് ഇനിയും തുടരാനാവില്ലെന്ന് ഗവണ്‍മെന്റുകള്‍ ഉറച്ച നിലപാട് സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സംഭവിച്ച എല്ലാ കേടുപാടുകളും ഒട്ടും താമസമില്ലാതെ പരിഹരിക്കുകയും വേണം’.

ഹിന്ദുത്വ വര്‍ഗീയശക്തികള്‍ അഴിഞ്ഞാടിയതിന്റെ ഫലമായി മുസ്്ലിം മനസ്സുകളിലുണ്ടായ മുറിവുണക്കാനാണ് ഗാന്ധിജി അവസാന നിമിഷവും ശ്രമിക്കുന്നത്. അതിന് ഇതര സമുദായങ്ങളെ ചേര്‍ത്തുപിടിച്ചു മഹാത്മാ. ഈ ഐക്യവും രഞ്ജിപ്പും അംഗീകരിക്കാനാകില്ലായിരുന്നു സവര്‍ക്കറിനും ശിഷ്യനായ നാഥുറാം ഗോഡ്‌സേക്കും. “ആപ്തെയും ഗോഡ്സെയും മുറിയില്‍നിന്നിറങ്ങുമ്പോള്‍ വിജയിച്ചുവരൂ എന്ന് സവര്‍ക്കര്‍ പറയുന്നത് കേട്ടു’ എന്ന മാപ്പുസാക്ഷി മൊഴിയുണ്ട് ഗാന്ധിവധ വ്യവഹാര ചരിത്രത്തില്‍. ഇതെല്ലാം മറച്ചുപിടിച്ച് മറ്റൊരു സവര്‍ക്കറെ പ്രതിഷ്ഠിക്കാനുള്ള ശ്രമം ആര്‍ എസ് എസ് എന്നേ ആരംഭിച്ചുകഴിഞ്ഞു. അങ്ങനെയാണ് പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഛായാചിത്രമായി വി ഡി സവര്‍ക്കര്‍ ഇടം പിടിച്ചത്. അതേവഴിയിലാണ് ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രമായി സവര്‍ക്കര്‍ പ്രത്യക്ഷപ്പെടുന്നതും. ചരിത്രം നോക്കുകുത്തിയല്ലെന്ന് തെളിയിക്കാനുള്ള അവസരമായി ഈ സന്ദർഭത്തെ ഉപയോഗപ്പെടുത്തട്ടെ ജനാധിപത്യവാദികള്‍.

Latest