National
രാഷ്ട്രീയ നേട്ടത്തിനായി സവര്‍ക്കറെ നിരന്തരം അധിക്ഷേപിക്കുന്നു; രാഹുല്‍ ഗാന്ധിക്കെതിരെ രഞ്ജിത് സവര്‍ക്കര്‍
സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ആക്ഷേപകരമായ പരാമര്‍ശം തുടര്‍ന്നാല്‍ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ ഇന്ന് അദ്ദേഹത്തിന്റെ സഖ്യത്തിലാണെന്നും രഞ്ജിത് സവര്‍ക്കര്‍ കുറ്റപ്പെടുത്തി.

ന്യൂഡല്‍ഹി|ആര്‍എസ്എസ് നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന പരാമര്‍ശങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനാണെന്ന് സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍. രാഹുല്‍ ഗാന്ധി രാഷ്ട്രീയ നേട്ടത്തിനായി സവര്‍ക്കറെ നിരന്തരം അധിക്ഷേപിക്കുകയാണെന്ന് രഞ്ജിത് സവര്‍ക്കര്‍ ആരോപിച്ചു. സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ആക്ഷേപകരമായ പരാമര്‍ശം തുടര്‍ന്നാല്‍ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ ഇന്ന് അദ്ദേഹത്തിന്റെ സഖ്യത്തിലാണെന്നും രഞ്ജിത് സവര്‍ക്കര്‍ കുറ്റപ്പെടുത്തി.
രാഹുലിനൊപ്പം ഉദ്ധവ് താക്കറെയും മുത്തച്ഛനെക്കുറിച്ച് അശ്ലീലവും അപമാനകരവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും ഇത്തരം പ്രസ്താവനക്കെതിരെ തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വ അയോഗ്യതാ സമയത്ത് മാപ്പുപറയണമെന്ന് ബിജെപി ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ല എന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ഭാരത് ജോഡോ യാത്രയിലും രാഹുല്‍ ശക്തമായ വിമര്‍ശനങ്ങള്‍ സവര്‍ക്കര്‍ക്കെതിരെ ഉന്നയിച്ചിരുന്നു. താന്‍ ബ്രിട്ടീഷുകാരന്റെ സേവകനാകാന്‍ ആഗ്രഹിക്കുന്നുവെന്ന സവര്‍ക്കറുടെ കത്ത് രാഹുല്‍ പുറത്തു വിട്ടിരുന്നു. സവര്‍ക്കര്‍ മാപ്പപേക്ഷിച്ച് ബ്രിട്ടീഷുകാര്‍ക്ക് കത്തെഴുതിയിരുന്നെന്നും പെന്‍ഷന്‍ സ്വീകരിച്ചിരുന്നുവെന്നും ഭയംകൊണ്ടാണ് ഇത് ചെയ്തതെന്നും രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.