savarkar's photo on umbrella
കുടമാറ്റത്തില്‍ സവര്‍ക്കര്‍; പൊളിഞ്ഞത് സുരേഷ് ഗോപിയുടെ 'തിരക്കഥ'
സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങള്‍ക്കൊപ്പം വി ഡി സവര്‍ക്കറുടെ ചിത്രം ആസൂത്രിതമായി ഉള്‍പ്പെടുത്തി പൊതു സ്വീകാര്യത നേടുകയും പൂരത്തിന്റെ മറവില്‍ സംഘപരിവാര്‍ താല്‍പര്യങ്ങള്‍ ഒളിച്ചു കടത്തുകയുമായിരുന്നു ലക്ഷ്യം.
കോഴിക്കോട് | തൃശൂര്‍ പൂരത്തിന്റെ ഏറ്റവും ആകര്‍ഷകമായ കുടമാറ്റത്തിനിടയില്‍ സവര്‍ക്കറുടെ ചിത്രം തിരുകിക്കയറ്റാനുള്ള നീക്കം ആസൂത്രിതമെന്ന് വ്യക്തം. കുടമാറ്റത്തിന് സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം ആലേഖനം ചെയ്ത കുടകള്‍ എന്ന ആശയം പാറമേക്കാവ് ദേവസ്വത്തോട് നിനിര്‍ദേശിച്ചത് നടന്‍ സുരേഷ് ഗോപിയാണെന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് വെളിപ്പെടുത്തിയതോടെ ഗൂഡാലോചന വ്യക്തമായി. പാറമേക്കാവ് പ്രസിഡന്റ് സതീഷിനോടും സെക്രട്ടറി രാജേഷിനോടും ഇത്തരമൊരു ആശയം വച്ചത് സുരേഷ് ഗോപിയായിരുന്നു. ആ കുടകള്‍ അടങ്ങിയ ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനും സുരേഷ് ഗോപി എത്തിയിരുന്നു. കുട വിവാദമാവുകയും വിമര്‍ശനങ്ങള്‍ ശക്തമാവുകയും ചെയ്തതോടെ ഈ കുടകള്‍ പ്രദര്‍ശനത്തില്‍ നിന്ന് നീക്കം ചെയ്തതോടെ ഇതുസംബന്ധിച്ച വിവാദങ്ങള്‍ക്ക് തത്കാലം അറുതിയായി.
സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങള്‍ക്കൊപ്പം വി ഡി സവര്‍ക്കറുടെ ചിത്രം ആസൂത്രിതമായി ഉള്‍പ്പെടുത്തി പൊതു സ്വീകാര്യത നേടുകയും പൂരത്തിന്റെ മറവില്‍ സംഘപരിവാര്‍ താല്‍പര്യങ്ങള്‍ ഒളിച്ചു കടത്തുകയുമായിരുന്നു ലക്ഷ്യം. ആസാദി എന്ന് പേരിട്ടിരിക്കുന്ന കുടയില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും നവോത്ഥാന നായകര്‍ക്കുമൊപ്പമാണ് സവര്‍ക്കറെയും ഉള്‍പ്പെടുത്തിയത്. ഭഗത് സിംഗിനും ചട്ടമ്പിസ്വാമികള്‍ക്കും മന്നത്ത് പത്മനാഭനും ചന്ദ്രശേഖര്‍ ആസാദിനുമൊപ്പമായിരുന്നു സവര്‍ക്കറുടെ ചിത്രവും പ്രതിഷ്ഠിച്ചത്.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ രാജനും സര്‍ക്കാരിന്റെ അതൃപ്തി ദേവസ്വത്തെ അറിയിച്ചതിന് പിന്നാലെയായിരുന്നു കുടകള്‍ പിന്‍വലിച്ചത്. ഡി വൈ എഫ് ഐ, യൂത്ത് കോണ്‍ഗ്രസ്, പുരോഗമന കലാ സാഹിത്യ സംഘം തുടങ്ങിയ സംഘടനകളെല്ലാം സവര്‍ക്കര്‍ ചിത്രമുള്ള കുടക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ദേശീയ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയും മഹാത്മജി വധക്കേസില്‍ പ്രതിയാവുകയും ചെയ്ത ഒരാളുടെ ചിത്രം പൂരത്തിന്റെ കുടപ്പുറത്ത് എഴുന്നള്ളിക്കാനുള്ള നീക്കം ചെറുത്തു തോല്‍പ്പിക്കണമെന്നു പുരോഗമന കലാ സാഹിത്യ സംഘം ആവശ്യപ്പെട്ടിരുന്നു. ഒറ്റുകാരന് അകമ്പടിയായി ചട്ടമ്പിസ്വാമികള്‍, മന്നത്ത് പത്മനാഭന്‍ തുടങ്ങിയ ചില നവോത്ഥാന, ദേശീയ നായകരുടെ ചിത്രങ്ങള്‍ കൂടി ആലേഖനം ചെയ്തതും അപലപിക്കപ്പെട്ടു.
ശ്രീനാരായണഗുരു, അയ്യങ്കാളി, പണ്ഡിറ്റ് കറപ്പന്‍ തുടങ്ങിയ മഹാന്‍മാരെ ഒഴിവാക്കി സ്വാതന്ത്ര്യ ദിനത്തിന്റെ എന്ത് ആഘോഷമാണു നടക്കുന്നതെന്നും ചോദ്യമുയര്‍ന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ശ്രീനാരായണ ഗുരുവിന്റെ ചിത്രം ഉള്‍പ്പട്ട നിശ്ചലദൃശ്യം ഒഴിവാക്കിയതിന്റെ തുടര്‍ച്ചയാണ് ഇത്തരം നീക്കങ്ങള്‍ എന്നാണു വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ, സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് നല്‍കിയ മാപ്പപേക്ഷയിലെ പ്രസക്ത ഭാഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു:
‘ബഹുവിധമായ ഉദാരതയും ദയാവായ്പുമുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ എന്നെ സ്വതന്ത്രനാക്കുകയാണെങ്കില്‍, വ്യവസ്ഥാപിത പുരോഗതിയ്ക്കും ആ പുരോഗതിയുടെ അടിസ്ഥാന കാരണമായ ഇംഗ്ലീഷ് സര്‍ക്കാരിനോടുള്ള വിധേയത്വത്തിനും വേണ്ടി ഏറ്റവും ശക്തമായി വാദിക്കുന്നയാള്‍ ഞാനായിരിക്കും.
ഞങ്ങള്‍ തടവിലായിരിക്കുന്നിടത്തോളം മഹാരാജാവിനോട് കൂറുപുലര്‍ത്തുന്ന ഇന്ത്യയിലെ അദ്ദേഹത്തിന്റെ പ്രജകളുടെ വീടുകളില്‍ യഥാര്‍ത്ഥ സന്തോഷം ഉണ്ടായിരിക്കുകയില്ല. അതേസമയം, ഞങ്ങള്‍ മോചിപ്പിക്കപ്പെട്ടാല്‍, ശിക്ഷിക്കുന്നതിനും പ്രതികാരം ചെയ്യുന്നതിനും ഉപരിയായി ക്ഷമിക്കാനും തിരുത്താനും അറിയാവുന്ന സര്‍ക്കാരിനോടുള്ള നന്ദി ജനങ്ങള്‍ സന്തോഷത്തോടെ പ്രഖ്യാപിക്കും.
മാത്രമല്ല, ഭരണകൂടത്തിന് അനുകൂലമായുള്ള എന്റെ മാറ്റം, എന്നെ ഒരിക്കല്‍ വഴികാട്ടിയായി കണ്ടിരുന്ന ഇന്ത്യയിലും വിദേശത്തുമുള്ള വഴിതെറ്റിയ യുവാക്കളെ തിരിച്ചുകൊണ്ടുവരികയും ചെയ്യും. സര്‍ക്കാര്‍ ആഗ്രഹിക്കുന്ന ഏത് വിധത്തിലുള്ള സേവനവും നല്‍കാന്‍ ഞാന്‍ തയ്യാറാണ്. എന്തെന്നാല്‍, എന്റെ ഈ മാറ്റം പൂര്‍ണമനസ്സോടു കൂടിയതാണ്. ഭാവിയിലും എന്റെ പെരുമാറ്റം അത്തരത്തില്‍ത്തന്നെ ആയിരിക്കുകയും ചെയ്യും. ബലവാന്മാര്‍ക്കു മാത്രമേ ദയാലുക്കളാകാനാകൂ. സര്‍ക്കാരിന്റെ രക്ഷാകര്‍തൃ കവാടങ്ങളിലേക്കല്ലാതെ ഈ ധൂര്‍ത്തപുത്രന്‍ മറ്റെങ്ങോട്ട് പോകാനാണ്?’- മാപ്പപേക്ഷയിലെ ഈ ഖണ്ഡികയാണ് വ്യാപകമായി പ്രചരിക്കുന്നത്.
ഗാന്ധിവധക്കേസില്‍ സവര്‍ക്കര്‍ 1948ല്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെ സവര്‍ക്കറുടെ അനുയായിയുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം സമൂഹിക മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചു. ആഘോഷങ്ങളെയും മറ്റും ഹൈജാക്ക് ചെയ്യാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്.